ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ വിഭാഗം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് എൻസിപിയുടെ നിലപാട്. സത്യപ്രതിജ്ഞ ചടങ്ങുകൾ അടക്കം ബഹിഷ്കരിച്ചേക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭയിലും ചേരേണ്ടെന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം.
കാബിനറ്റ് മന്ത്രി സ്ഥാനം നല്കാൻ ബി ജെ പി തയ്യാറാകാത്തതിൽ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയിൽ ചേരാനില്ലെന്ന് എൻ സി പി വ്യക്തമാക്കിയിരിക്കുകയാണ്. മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻ സി പി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മൂന്നാം മോദി മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല.
പ്രഫുൽ പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് വിവരം. പാർട്ടിയുടെ ഏക എം പി യും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻ സി പി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.