തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തിൽ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാർ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദർശനം ആണെങ്കിലും എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്നത് വലിയ വിവാദമായിരിക്കുകയാണ്. സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ വിശദീകരണത്തിൽ എം ആർ അജിത് കുമാർ പറയുന്നുണ്ട്. ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും അദ്ദേഹം അറിയിച്ചു.
പാറമേക്കാവ് വിദ്യാമന്ദിർ ആർഎസ്എസ് ക്യാമ്പിനിടെയായിരുന്നു ജനറൽ സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള കൂടിക്കാഴ്ച. തൃശ്ശൂർ പൂരം കലക്കാൻ എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എഡിജിപി എം ആർ അജിത് കുമാറിന്റെ ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാകുന്നത്.
ഔദ്യോഗിക വാഹനം ഒഴിവാക്കി ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശ്ശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം അവിടെ എത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആർഎസ്എസിന്റെ പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മെയ് 22 ന് എഡിജിപി എത്തിയത്.
Also read: എല്ലാം ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി
സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടുത്ത ദിവസം തന്നെ മേലുദ്യോഗസ്ഥർ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു. റിപ്പോർട്ട് വിവരാവകാശ നിയമത്തിന്റെ പരാതിയിൽപ്പെടാത്തതിനാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടിക്കാഴ്ച്ച അന്വേഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി അജിത് കുമാർ പൂരം കലക്കിയെന്ന് ഇടത് എംഎൽഎ പി വി അൻവർ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് പുറമെയാണ് കൂടിക്കാഴ്ച്ചാ വിവാദവും അന്വേഷിക്കുക.