CMDRF

ബിജെപിയുടെ സുവര്‍ണകാലം കഴിഞ്ഞു; എകെ ആന്റണി

ബിജെപിയുടെ സുവര്‍ണകാലം കഴിഞ്ഞു; എകെ ആന്റണി
ബിജെപിയുടെ സുവര്‍ണകാലം കഴിഞ്ഞു; എകെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെ ആന്റണി. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതല്‍ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ല. താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയില്‍ ആന്റോ ആന്റണി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്‌നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ സുവര്‍ണകാലം കഴിഞ്ഞു. സുവര്‍ണകാലം ശബരിമല പ്രശ്‌നമുണ്ടായ കാലത്താണ്, അത് കഴിഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പല്ല. ഇന്ത്യ അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്. ഡു ഓര്‍ ഡൈ. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണ്. ഇന്ത്യയെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്.

ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ശ്രമം. ബിജെപി ഭരണം അവസാനിപ്പിക്കണം. ആര്‍എസ്എസിന്റെ പിന്‍ സീറ്റ് ഡ്രൈവ് അവസാനിപ്പിക്കണം. ഭരണഘടന മൂല്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തിരഞ്ഞെടുപ്പാണ്. മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമഗ്ര മേഖലയേയും തകര്‍ത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വനമേഖലയിലെ ജനങ്ങള്‍ ഓടി പോകട്ടെയെന്ന ദുഷ്ടലാക്ക് ഉണ്ടോ സര്‍ക്കാരിന് എന്ന് പോലും സംശയിക്കുന്നു.പരമ്പരാഗത മേഖലയാകെ തകര്‍ന്നു. തീരദേശ ജീവിതം ദുസ്സഹമായി. ജീവിക്കാന്‍ വഴിയില്ലാതെ റഷ്യയില്‍ യുദ്ധം ചെയ്യാന്‍ വരെ യുവാക്കള്‍ പോകുന്നു.

പ്രതീക്ഷ നശിച്ച് കേരളത്തില്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തിരിച്ചറിയുന്നു. എന്നിട്ടും മുഖ്യമന്ത്രി എന്ത് ചെയ്യുന്നു. ഇങ്ങനെ പോയാല്‍ കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറും. കേന്ദ്രത്തില്‍ ബിജെപിക്കെതിരെയും കേരളത്തില്‍ പിണറായി ദുര്‍ഭരണത്തിന് എതിരെയും വിധിയെഴുതണമെന്നും എകെ ആന്റണി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

Top