ടെല്‍ അവീവ്: അല്‍ ജസീറയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 35 ദിവസത്തെ വിലക്ക് അവസാനിച്ചതിന് പിന്നാലെ 45 ദിവസത്തേക്ക് കൂടി നീട്ടി ഇസ്രായേല്‍. ഇസ്രായേലിന്റെ ടെലികോം റെഗുലേറ്ററിന്റേതാണ് തീരുമാനം. വാര്‍ത്താവിനിമയ മന്ത്രി ഷ്ലോമോ കാര്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയിലും സംപ്രേഷണ വിലക്ക് തുടരുമെന്ന് കാര്‍ഹി പറഞ്ഞു.
വിലക്ക് നീട്ടിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സര്‍ക്കാരിനും കാര്‍ഹി നന്ദി പ്രകടിപ്പിച്ചു. അല്‍ജസീറ ഇസ്രായേല്‍ സൈന്യത്തിന് ഭീഷണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേബിള്‍, സാറ്റലൈറ്റ് കമ്പനികളിലെ അല്‍ ജസീറ നെറ്റ് വര്‍ക്കിന്റെ പ്രക്ഷേപണങ്ങളും അതിന്റെ വെബ്സൈറ്റുകളിലേക്കുള്ള ആക്സസ്സും തടയുമെന്നും ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയവും അറിയിച്ചു. നേരത്തെ ക്രിമിനല്‍ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറക്ക് വിലക്കേര്‍പ്പെടുത്തിയത്. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നെതന്യാഹു സര്‍ക്കാരിന്റെ തീരുമാനം ഇസ്രായേല്‍ കോടതി ശരിവെക്കുകയായിരുന്നു.
നിരോധനത്തിനെതിരെ അല്‍ ജസീറ ഇസ്രായേല്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. നിരോധനം നിയമം വിരുദ്ധമാണെന്ന് അല്‍ ജസീറ കോടതിയെ അറിയിച്ചു. ഇസ്രായേലില്‍ അല്‍ ജസീറ അക്രമമോ തീവ്രവാദമോ പ്രോത്സാഹിപ്പിച്ചിട്ടില്ല. തങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റാണെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹരജി കോടതി തള്ളുകയായിരുന്നു.
മെയ് അഞ്ചിനാണ് രാജ്യത്ത് അല്‍ ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭയില്‍ വോട്ടെടുപ്പ് നടന്നത്. മുമ്പ് ജെറുസലേം, ടെല്‍അവീവ് എന്നിവിടങ്ങളില്‍ നിന്ന് അല്‍ ജസീറ തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. പിന്നീട് കവറേജുകള്‍ റാമല്ലയില്‍ നിന്ന് മാത്രം നടത്താന്‍ അല്‍ ജസീറ നിര്‍ബന്ധിതാരായി.