ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലും ചുട്ടുകൊല്ലുന്ന ഇസ്രായേലിന്റെ ക്രൂരതക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന കാമ്പയ്നിൽ താരങ്ങളും. എല്ലാ കണ്ണുകളും റഫയിലേക്ക് (All Eyes on Rafah) പോസ്റ്ററിലാണ് ഇൻസ്റ്റഗ്രാമിൽ കാമ്പയിൻ നടക്കുന്നത്. താരങ്ങളടക്കം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി ഗസ്സയോട് ഐക്യപ്പെട്ടിരിക്കുകയാണ്.എക്സിലും ഇതേ ഹാഷ് ടാഗ് ട്രെൻഡിങ്ങാണ്.
ആലിയ ഭട്ട്, റിച്ച ഛദ്ദ, സ്വര ഭാസ്കർ, ജൗഹർ ടാൻ, രാധിക ആപ്തെ, വരുൺ ധവാൻ, ഫാത്തിമ സന ൈശഖ്, ഹണി സിങ്, സാമന്ത റൂത്ത് പ്രഭു, നോറ ഫത്തേഹി, ദിയ മിർസ തുടങ്ങിയ താരങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചത്. ” കുഞ്ഞുങ്ങളുടെ ശിരസ്സ് ഛേദിക്കുന്ന നിങ്ങളുടെ രാജ്യം ഈ ഭൂമുഖത്ത് ആവശ്യമില്ല”.- എന്നാണ് നടൻ നകുൽ മേത്ത കുറിച്ചത്.
എക്സിൽ ഇസ്രായേൽ സൈന്യം കൊന്നൊടുക്കുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളുമാണ് പ്രചരിക്കുന്നത്. വെടിയുണ്ട തുളച്ചുകളഞ്ഞ കുഞ്ഞിന്റെ തലയും പിടിച്ച് നിൽക്കുന്ന രക്ഷാപ്രവർത്തകരും കഴുത്തറ്റുപോയ ഉടലിൽ ബാക്കിയായ കുഞ്ഞുമകളുടെ ശരീരം ചേർത്ത് പിടിച്ച് നിൽക്കുന്ന പിതാവും തുടങ്ങി… ബോംബാക്രമണങ്ങളിൽ ജീവനറ്റ കുഞ്ഞുടലുകൾ പിടിച്ച് അലമുറയിട്ട് കരയുന്ന മാതാപിതാക്കളുടെ ചിത്രങ്ങളും വിഡിയോകളുമാണ് എക്സിൽ പ്രചരിക്കുന്നത്.