ചെന്നൈ: തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഗസ്റ്റ് 16 മുതല്‍ എല്ലാ പുതിയ സിനിമാ പ്രൊജക്റ്റുകളുടെയും ആരംഭിക്കുന്നത് നിര്‍ത്തിവയ്ക്കാനും നവംബര്‍ 1 മുതല്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും തീരുമാനമായി. സിനിമയുടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സിനിമകള്‍ ഈ ഘട്ടത്തിനുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. കലാകാരന്മാരുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍, തമിഴ്നാട് തിയറ്റര്‍ മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷന്‍, തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികള്‍ ചെന്നൈയില്‍ യോഗം ചേര്‍ന്ന് പാസാക്കിയ പ്രമേയത്തിലാണ് പുതയ തീരുമാനം.
നിര്‍മ്മാതാക്കള്‍ക്ക് കാര്യമായ നഷ്ടമുണ്ടാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അഡ്വാന്‍സ് സ്വീകരിച്ച് പ്രോജക്ടുകള്‍ ഉപേക്ഷിക്കുന്ന കാര്യം യോഗത്തില്‍ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി. അഡ്വാന്‍സ് ലഭിച്ചിട്ടുള്ള ഏതൊരു നടനും സാങ്കേതിക വിദഗ്ധനും പുതിയ പ്രോജക്റ്റ് ആരംഭിക്കും മുന്‍പ് ഏറ്റെടുത്ത പഴയ പ്രൊജക്ട് പൂര്‍ത്തിയാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രത്യേകിച്ചും ധനുഷിന്റെ നിലപാട് ഏറെ വിമര്‍ശനം യോഗത്തില്‍ ഉണ്ടാക്കി. പുതിയ പ്രോജക്റ്റുകള്‍ക്കായി അദ്ദേഹത്തെ സമീപിക്കുന്നതിന് മുമ്പ് സംഘടനയോട് ആലോചിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. 2023-ല്‍ ധനുഷ് തങ്ങളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയെന്നും ഷൂട്ടിംഗിന് വന്നിട്ടില്ലെന്നും ശ്രീ തേനാന്‍ഡല്‍ ഫിലിംസ് അവകാശപ്പെട്ടു.
മുന്‍നിര താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ തീയറ്ററില്‍ റിലീസ് ചെയ്ത് 8 ആഴ്ചകള്‍ക്ക് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാന്‍ പാടുള്ളൂവെന്ന് യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചു. ഈ തീരുമാനം ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിയറ്റര്‍ ബിസിനസ്സ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. സമരത്തിന്റെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റ് 16 മുതല്‍ പുതിയ സിനിമാ പ്രോജക്ടുകള്‍ നിര്‍ത്തിവയ്ക്കും. നിര്‍മ്മാതാക്കള്‍ സംഘടനയെ നിര്‍മ്മാണത്തിലുള്ള ചിത്രങ്ങളുടെ വിവരങ്ങള്‍ അറിയിക്കണം. അത് അനുസരിച്ച്, എല്ലാ പ്രൊജക്ടുകളും ഈ വര്‍ഷം ഒക്ടോബര്‍ 30-നകം പൂര്‍ത്തിയാക്കണം. നവംബര്‍ 1 മുതല്‍ തമിഴ് സിനിമകള്‍ ചിത്രീകരിക്കില്ല.