എൻക്യുഎഎസ് അംഗീകാരം നേടി കേരളത്തിലെ അഞ്ച് ആശുപത്രികൾ

ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും നാല് ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്

എൻക്യുഎഎസ് അംഗീകാരം നേടി കേരളത്തിലെ അഞ്ച് ആശുപത്രികൾ
എൻക്യുഎഎസ് അംഗീകാരം നേടി കേരളത്തിലെ അഞ്ച് ആശുപത്രികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികൾക്ക് എൻക്യുഎഎസ് (നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും നാല് ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.

കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോർ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.

കണ്ണൂർ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97% സ്‌കോറും, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം 93% സ്‌കോറും, തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം 91% സ്‌കോറും, മലപ്പുറം ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം 90 % സ്‌കോറും നേടിയാണ് പുന:അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 177 ആശുപത്രികൾ എൻക്യുഎഎസ് അംഗീകാരവും 81 ആശുപത്രികൾ പുന:അംഗീകാരവും നേടി.

Also Read: നോർക്കയിലേക്ക് അപേക്ഷിക്കാം; മലയാളി ലീഗൽ കൺസൾട്ടന്‍റുമാരെ നിയമിക്കുന്നു

അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 118 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വർഷ കാലാവധിയാണുളളത്.

മൂന്ന് വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇത് കൂടുതൽ സഹായിക്കും.

Top