കോഴിക്കോട്: സ്ത്രീ വിദ്യാഭ്യാസ വിഷയത്തിൽ ഇകെ വിഭാഗം സമസ്തയെ വിമർശിച്ചു മുജാഹിദ് വിഭാഗം രംഗത്ത്. ഒരു നൂറ്റാണ്ട് കാലം സ്ത്രീ വിദ്യാഭ്യാസത്തെ എതിർത്ത സമസ്ത സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎൻഎം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കാര്യത്തിൽ ലിംഗ വ്യത്യാസം കാണിക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. സ്ത്രീ വിദ്യാഭ്യാസത്തിനു സമസ്ത എതിരു നിന്നിട്ടില്ലെന്ന സമസ്ത അധ്യക്ഷന്റെ പ്രസ്താവന സത്യ വിരുദ്ധമാണെന്നും കെഎൻഎം സംസ്ഥാന നേതൃസംഗമം വിമർശിച്ചു. സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ നടത്തിയ പരാമർശത്തിനോടാണ് കെഎൻഎമ്മിന്റെ വിമർശനം.
സ്ത്രീകൾ കൈയെഴുത്തു പഠിക്കരുതെന്ന പഴയ പ്രമേയം ഇപ്പോളും അംഗീകരിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. ഇല്ലെങ്കിൽ അബദ്ധം സമൂഹത്തോട് പറയാൻ തയ്യറാവണം. സ്ത്രീകളെ പള്ളികളിലെ ആരാധനയിൽ നിന്നും തടയുന്നത് സമസ്ത ഒഴിവാക്കണമെന്നും കെഎൻഎം നേതൃസംഗമത്തിൽ ആവശ്യപ്പെട്ടു.