ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍, തെളിവ് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം തേടിയ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ആവശ്യം നിരാകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്. അമിത് ഷാ, ജില്ലാ മജിസ്ട്രേറ്റുമാരെ (ജില്ലാ കളക്ടര്‍) ഫോണില്‍ ബന്ധപ്പെട്ടുവെന്നായിരുന്നു ജയ്റാം രമേശിന്റെ ആരോപണം. തിങ്കളാഴ്ച രാത്രി ഏഴ് മണിക്കുള്ളില്‍ തെളിവടങ്ങുന്ന വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചു.
ആഭ്യന്തര മന്ത്രി കളക്ടര്‍മാരെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ 150 പേരുമായി സംസാരിച്ചുവെന്നുമുള്ള ആരോപണം ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണന്നും തിരഞ്ഞെടുപ്പ് കമ്മിഷന് കൂട്ടിച്ചേർത്തു. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ആരോപണത്തിന് തെളിവില്ലെന്ന് കണക്കാക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.