വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാന്‍ പോകുന്നില്ലെന്ന് കോഴ ആരോപണത്തില്‍ ടിജി നന്ദകുമാറിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. നിയമപരമായ നടപടിയാണോ എന്ന് ചോദിച്ചപ്പോള്‍ കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി.
കര്‍മ്മം പോലെ കാര്യങ്ങള്‍ വന്നോളും. പ്രകാശ് ജാവദേക്കറേയും നന്ദകുമാര്‍ കബളിപ്പിച്ചുണ്ടാകും. ജാവദേക്കറുമായി ഈ കാര്യം സംസാരിക്കാന്‍ സമയം കിട്ടിയിട്ടില്ല. അഭിഭാഷകനാണെന്ന് പറഞ്ഞു നടക്കുന്നയാളാണ് നന്ദകുമാര്‍. അയാള്‍ക്ക് വിശ്വാസ്യത തീരെയില്ല. കാലഹരണപ്പെട്ട നേതാവ് എന്ന് പറഞ്ഞത് എംഎം ഹസ്സനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണ്. 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസ്സനാണ് കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ്. ഹസന്റെ സംസ്‌കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ല എന്നും അനില്‍ ആന്റണി പറഞ്ഞു.
സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം തളളി നേരത്തെയും അനില്‍ ആന്റണി രംഗത്തുവന്നിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോള്‍ ഒടുവില്‍ ക്രിമിനല്‍ ആയ നന്ദകുമാറിനെ ഇറക്കി എന്നായിരുന്നു പ്രതികരണം. സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും അനില്‍ ആന്റണി വ്യക്തമാക്കി.
അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ നല്‍കിയെന്ന് ടിജി നന്ദകുമാര്‍ ആവര്‍ത്തിച്ചിരുന്നു. ഫോട്ടോയും വിഡിയോയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്നും ടി ജി നന്ദകുമാര്‍ വെല്ലുവിളിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.