ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ സമയം വീണ്ടും മാറ്റി. ആദ്യം ഈ മാസം 23നു നടത്താനിരുന്ന യോഗം ഒക്ടോബർ ആദ്യ ആഴ്ചയിലേക്കു മാറ്റാനാണു തീരുമാനിച്ചത്. ഇപ്പോൾ ഒക്ടോബർ മൂന്നാം വാരത്തിലേക്കു മാറ്റിയെന്നാണു പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചത്. 21 ഉപാധികളോടെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ സമ്മേളനം നടത്താൻ പൊലീസ് അനുമതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല.
വടക്കു കിഴക്കൻ മൺസൂൺ ആരംഭിക്കുന്ന ഒക്ടോബറിൽ സമ്മേളനം നടത്തുന്നത് നല്ലതല്ലെന്നും ജനുവരിയിലേക്കു മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടതും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. സമ്മേളനത്തിനായി ഇതിനകം ചെലവഴിച്ച പണത്തിൽ ചിലർ തിരിമറി നടത്തിയെന്ന ആരോപണവും ഉയർന്നു. വിജയ്‌ക്കു രാഷ്ട്രീയത്തിൽ ഉപദേശകരായി മികച്ച നേതാക്കൾ ഇല്ലാത്തതും പ്രതിസന്ധിയാണ്.
വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. പാർട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു. എല്ലാവരും തുല്യരാണെന്ന കാഴ്ചപ്പാടിൽ മുന്നോട്ടു പോകും. ആദ്യവാതിൽ തുറന്നു. തമിഴ്നാടിനെ നയിക്കുന്ന പാർട്ടിയായി ഉയരുമെന്നും വിജയ് പ്രതീക്ഷ പങ്കുവച്ചു. തമിഴ് സൂപ്പർതാരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് ഫെബ്രുവരിയിലാണ്. അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തിയാണു ‘തമിഴക വെട്രി കഴകം’ (തമിഴക വിജയ സംഘം) എന്നു പേരിട്ടത്.