തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ സെല്‍ ഉദ്യോഗസ്ഥനെതിരായ വനിതാ ജീവനക്കാരുടെ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥക്കെതിരെ പ്രതികാര നടപടിയെന്ന് ആക്ഷേപം. പൊതുഭരണ വകുപ്പിലെ ആഭ്യന്തര പരിഹാര സെല്‍ അധ്യക്ഷ ഷൈനി ജോര്‍ജിനെ സെക്രട്ടറിയേറ്റില്‍ നിന്ന് മാറ്റി. കമ്പ്യൂട്ടര്‍ സെല്ലിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ഫ്രാന്‍സിസിനെതിരായിരുന്നു ഷൈനി അന്വേഷണം നടത്തിയത്. റോബര്‍ട്ടിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥക്കെതിരായ നടപടി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ സെല്ലിലെ റോബര്‍ട്ട് ഫ്രാന്‍സിസ് തൊഴില്‍ സ്ഥലത്ത് വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നവെന്ന പരാതിയാണ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ വന്നത്. ഒരു കൂട്ടം ജീവനക്കാരെന്ന പേരിലെത്തിയ പരാതിയാണ് ചീഫ് സെക്രട്ടറി അന്വേഷണ സമിതിക്ക് കൈമാറിയത്. ഒരു പെണ്‍കുട്ടി തെളിവുകള്‍ സഹിതം റോബര്‍ട്ടിനെതിരെ മൊഴി നല്‍കി. ഈ മൊഴി ശരിയാണെന്ന് തെളിയിക്കുന്ന വിധം മറ്റ് ചില മൊഴിയും സമിതിക്ക് ലഭിച്ചു. ഇതേ തുടര്‍ന്ന് റോബര്‍ട്ടിനെ മൊഴിയെടുക്കാന്‍ സമിതി വിളിപ്പിച്ചു. എന്നാല്‍ റോബര്‍ട്ട് സമിതിയോട് തട്ടിക്കയറിയെന്നാണ് വിവരം ഇക്കാര്യം റിപ്പോര്‍ട്ടിലുണ്ടെന്നും സൂചനയുണ്ട്. ഔദ്യോഗിക ജോലികള്‍ കര്‍ശനമായി പാലിച്ചുവെന്നായിരുന്നു റോബര്‍ട്ടിന്റെ വിശദീകരണം.
വനിത ജീവനക്കാരി നല്‍കിയ മൊഴിക്ക് മറുപടി നല്‍കിയില്ല. റോബര്‍ട്ട് ജൂണില്‍ വിരമിച്ചു. വിരമിച്ചാലും സര്‍ക്കാര്‍ ചട്ടപ്രാകരം റോബര്‍ട്ടിനെതിരെ നടപടിവേണമെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ചില ജീവനക്കാര്‍ റോബര്‍ട്ടിന് അന്‍ുകൂലമായും മൊഴി നല്‍കിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഇടത് സംഘടന നേതാവും ഫ്രാക്ഷന്‍ അംഗവുമായ ഷൈനിയെ സെക്രട്ടറിയേറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ബാലാവകാശ കമ്മീഷന്‍ സെക്രട്ടറായാണ് നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള റോബര്‍ട്ടിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പേ ചോര്‍ന്നാണ് നടപടിക്ക് കാരണം. ഉദ്യോഗസ്ഥയുടെ സ്ഥലമാറ്റത്തിനൊപ്പം വിരമിച്ച റോബര്‍ട്ട് ഫ്രാന്‍സിസിനെ കരാര്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ വീണ്ടും നിയമിക്കാനും നീക്കമുണ്ട്.