ദില്ലി: നീറ്റ് പിജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം നിഷേധിച്ച് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സ്. ചോദ്യപേപ്പര്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് വിശദീകരണം. വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും എന്‍ബിഇഎംഎസ് അറിയിച്ചു,
ചില ടെലഗ്രാം ചാനലുകളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പ്രചാരണമുണ്ടായത്. ഇത്തരം പ്രചാരണങ്ങളിലോ പ്രലോഭനങ്ങളിലോ വീഴരുതെന്ന് പരീക്ഷ എഴുതുന്നവരോട് എന്‍ബിഇഎംഎസ് ആവശ്യപ്പെട്ടു. വ്യാജ അവകാശവാദങ്ങളിലൂടെ പരീക്ഷ എഴുതുന്നവരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും എന്‍ബിഇഎംഎസ് വ്യക്തമാക്കി. ചോദ്യ പേപ്പര്‍ നല്‍കാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ അത് ബോര്‍ഡിന്റെ കമ്മ്യൂണിക്കേഷന്‍ വെബ് പോര്‍ട്ടലിലോ കൂടുതല്‍ അന്വേഷണത്തിനായി പൊലീസിലോ അറിയിക്കാവുന്നതാണെന്നും എന്‍ബിഇഎംഎസ് അറിയിച്ചു.
നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്നു കിട്ടിയെന്ന് നിരവധി ടെലഗ്രാം പേജുകള്‍ അവകാശപ്പെടുന്നുവെന്ന് ഡോ. ധ്രുവ് ചൗഹാന്‍ എന്നയാളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 70,000 രൂപ തന്നാല്‍ ചോദ്യപേപ്പര്‍ നല്‍കാമെന്നാണ് ഒരു ഗ്രൂപ്പിലുള്ളത്. 35,000 രൂപ ഇപ്പോള്‍ തന്നെയും ബാക്കി പരീക്ഷ കഴിഞ്ഞും നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ പേജുകള്‍ സൈബര്‍ ക്രൈം, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ നിരീക്ഷിക്കണമെന്ന് ഡോ. ധ്രുവ് ചൗഹാന്‍ പറയുന്നു.
ആഗസ്ത് 11നാണ് ഈ വര്‍ഷത്തെ നീറ്റ് പിജി പ്രവേശന പരീക്ഷ. ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ഡൌണ്‍ലോഡ് ചെയ്യാം. നേരത്തെ പരീക്ഷാ സെന്ററുകള്‍ വളരെ ദൂരെ അനുവദിച്ചതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പരീക്ഷ എഴുതുന്ന മലയാളികളായ പലര്‍ക്കും വിശാഖപട്ടണത്തും മറ്റും സെന്റര്‍ ലഭിച്ച സാഹചര്യമുണ്ടായി. പിന്നീട് ഈ സെന്ററുകള്‍ പലര്‍ക്കും പുതുക്കി നല്‍കി. കൂടുതല്‍ സെന്ററുകള്‍ അനുവദിച്ചാണ് ഇത് സാധ്യമാക്കിയത്.