തിരുവനന്തപുരം: ഈ അധ്യായന വര്‍ഷത്തോടെ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കരിച്ച നാല് വര്‍ഷ ബിരുദ കോഴ്സിന്റെ നടത്തിപ്പിനെ ചൊല്ലി ആക്ഷേപം. കോഴ്‌സുകള്‍ നടപ്പാക്കുന്നത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതും സംവരണം അട്ടിമറിയ്ക്കുന്നതുമാണ് പുതിയ പരിഷ്‌ക്കരണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ നിലവിലുള്ള അധ്യാപകരെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നത് കോഴ്‌സിന്റെ നിലവാരത്തെ ബാധിക്കുമെന്നാണ് സംഘടനകള്‍ പറയുന്നത്.
നാലാം വര്‍ഷത്തെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ ഗൈഡുകളുടെ സഹായമുണ്ടാകില്ല എന്ന വെല്ലുവിളിയും കേരളത്തിലെ കോളേജുകള്‍ അഭിമുഖീകരിക്കുന്നുണ്ട്. നാല് വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് സിലബസില്‍ പറയുന്ന ഉന്നത വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മിക്ക കോളജുകളിലുമില്ല എന്നതാണ് വാസ്തവം.
അധികമായി ഒരു തസ്തിക പോലും സൃഷ്ടിക്കരുതെന്ന ധനവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ നിലവിലെ അധ്യാപകരുടെ ജോലി ഭാരം കൂടുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ പ്രവര്‍ത്തി സമയത്ത് നിന്നും 12 മണിക്കൂര്‍ നാലാം വര്‍ഷത്തിലേക്ക് മാറ്റിവയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാലാം വര്‍ഷത്തെ ഹോണേഴ്‌സ് ബിരുദത്തിനായുള്ള 11 കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയത് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഹോണേഴ്‌സ് ബിരുദത്തിനൊപ്പം ഗവേഷണ യോഗ്യത ലഭിക്കുന്നതിന് 75% മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കുന്നത് സംവരണത്തെ ബാധിക്കുമെന്നും വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു. പ്രധാന വിഷയവും ഉപവിഷയവും തിരഞ്ഞെടുക്കുന്നതിനുള്ള നിബന്ധനകള്‍ ഒഴിവാക്കിയില്ലെങ്കില്‍ അറബിക്, ഉറുദു എന്നീ വിഷയങ്ങളെ ബാധിക്കുമെന്നും സംഘടനകള്‍ പറയുന്നു.