ബെംഗളുരു: അഴിമതി ആരോപണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്. സിദ്ധരാമയ്യയുമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബെംഗളുരുവില്‍, അല്പസമയത്തിനകം കൂടിക്കാഴ്ച നടത്തും. സിദ്ധരാമയ്യയെ കണ്ട സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര നിയമനടപടി സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു.
പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. രാജ്ഭവന്‍ ദുരുപയോഗം ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മന്ത്രി പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചു. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹലൊട്ടിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്.
മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. ലേ ഔട്ട് വികസനത്തിനു ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് പകരം ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ അനധികൃതമായി 14 പ്ലോട്ടുകള്‍ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം. ഭാര്യ പാര്‍വതി, മകന്‍ ഡോ. യതീന്ദ്ര, ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെയാണ് പരാതി.
മലയാളിയായ ടി ജെ അബ്രഹാം ഉള്‍പ്പടെയുള്ള മൂന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 1988, 218, 17 വകുപ്പുകള്‍ പ്രകാരം സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യാനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. സിദ്ദരാമയ്യയുടെ ഭാര്യ പാര്‍വ്വതിയുടെ പേരിലുള്ള ഭൂമിയെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സിദ്ദരാമയ്യയുടെ സഹോദരന്‍ പാര്‍വ്വതിക്ക് നല്‍കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് പുറത്തുവന്നിട്ടുള്ള കണ്ടെത്തല്‍.