പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ താക്കീത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വരണാധികാരി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തോമസ് ഐസക്കിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി.
തോമസ് ഐസക്ക് കുടുംബശ്രീ സംവിധാനത്തെ ദുരുപയോഗം ചെയ്ത് പ്രചരണം നടത്തുന്നതായി യുഡിഎഫ് ആരോപിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഡിസ്‌ക്കിന്റെ ജീവനക്കാരെയും ഹരിത സേനയേയും തോമസ് ഐസക്ക് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്നതായും യുഡിഎഫ് ആരോപിച്ചിരുന്നു.
യുഡിഎഫ് ചെയര്‍മാന്‍ വര്‍ഗീസ് മാമനാണ് ഐസക്കിനെതിരെ പരാതി നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സന്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു.