അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ‘പുഷ്പ 2’വിന്റെ ക്ലൈമാക്‌സ് ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന അവകാശ വാദത്തോടെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വീഡിയോയയില്‍ താരങ്ങളുടെ മുഖം വ്യക്തമല്ല. ഒരുകൂട്ടം അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരാളെ വലിച്ചുപൊക്കുന്നതാണ് ദൃശ്യത്തിലുള്ളത്. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടി വേണമെന്ന ആവശ്യവുമായി ആരാധകരും എത്തുന്നുണ്ട്.
ഇതാദ്യമായല്ല ‘പുഷ്പ 2’വിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ചോരുന്നത്. നേരത്തെ ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ ലുക്ക് ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സമയത്താണ് ദൃശ്യങ്ങളും ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഓഗസ്റ്റില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ‘പുഷ്പ 2’വിന്റെ റിലീസ് മാറ്റിയിരുന്നു. സുകുമാര്‍ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് നിലവില്‍ ചെയ്യാനിരിക്കുന്നത്. സംവിധായകന്‍ സുകുമാറും അല്ലു അര്‍ജുനും അടുത്തകാലത്തായി അത്ര രസത്തിലല്ല എന്നതുള്‍പ്പടെയുള്ള അഭ്യൂഹം ടോളിവുഡില്‍നിന്നും വന്നിരുന്നു. ചിത്രീകരണം പുരോഗമിക്കവേ താരവും സംവിധാനവും വെവ്വേറെ ഇടങ്ങളിലേക്ക് അവധിയാഘോഷത്തിന് പോയതും ഈ അഭ്യൂഹം ശക്തമാകാന്‍ ഇടയാക്കി.
മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്.