സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ
സൗന്ദര്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

സൗന്ദര്യ സംരക്ഷണത്തിന് പണ്ട് മുതല്‍ക്കേ പേര് കേട്ട ഒന്നാണ് കറ്റാര്‍ വാഴ. ഇന്നത്തെ തലമുറയുടെ ഇടയിലും ഇതിനു നല്ല പ്രചാരം ലഭിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാര്‍വാഴക്കു ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചര്‍മ്മം ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. മുഖത്തെ സാധാരണ ഈര്‍പ്പവും പിഎച്ച് ലെവലും നിലനിര്‍ത്തുന്നതിനൊപ്പം മറ്റ് അനേകം ഗുണങ്ങള്‍ ഉള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവര്‍ധകവസ്തുവാണ് കറ്റാര്‍വാഴ. മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങള്‍, മുഖ സൗന്ദര്യം കൂട്ടാനുള്ള ടോണര്‍, സണ്‍സ്‌ക്രീന്‍ ലോഷനുകള്‍, തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിച്ചു വരുന്നു. അതുകൊണ്ട് തന്നെ കറ്റാര്‍വാഴ വന്‍ വ്യാവസായിക ഉത്പാദന മേഖലക്കാണ് വഴി തുറന്നിട്ടിരിക്കുന്നത്. മിക്ക സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഉപയോഗിയ്ക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു കറ്റാര്‍ വാഴ ജെല്‍. പല ആയുര്‍വേദ സൗന്ദര്യ സംരക്ഷക വസ്തുക്കളുടെയും പ്രധാന ചേരുവയാണ് കറ്റാര്‍വാഴ.

കറ്റാര്‍ വാഴ ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ പ്രയോജനം ചെയ്യുന്നു. കറ്റാര്‍വാഴ ജെല്‍ മുഖത്തും ശരീരത്തിലും പതിവായി പുരട്ടിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ പലതാണ്. കറ്റാര്‍ വാഴ മുഖത്ത് രണ്ടു നേരം പുരട്ടി കുറച്ചു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളഞ്ഞു നോക്കൂ. ചര്‍മ്മത്തിന് നല്ല നിറവും ആരോഗ്യവും തിളക്കവും മിനുസവും ഇത് പ്രദാനം ചെയ്യും. അലോവേരയില്‍ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ ഒരു മോയ്‌സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു, കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്നു. പ്രായത്തെ മറികടക്കാന്‍ നല്ല ഉപായമാണ് കറ്റാര്‍ വാഴ.

വേനല്‍ക്കാലത്ത് സൂര്യതാപം കൊണ്ട് ദേഹത്തുണ്ടാകുന്ന പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാല്‍ മതിയാകും. പൊള്ളലുകള്‍, ചൊറിച്ചില്‍ എന്നിവക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് ഇത്. ഒപ്പം നമ്മുടെ ശരീരത്തിലെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാനുമുള്ള ഉപാധിയാണിത്. സ്ഥിരമായി കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് കരുവാളിപ്പ് മാറാനും സഹായിക്കുന്നു. ശരീരത്തിലേല്‍ക്കുന്ന ചെറിയ പൊള്ളലുകള്‍ പെട്ടെന്ന് മാറാനായി പൊള്ളലേറ്റ ഭാഗത്ത് ദിവസം മൂന്നുതവണ കറ്റാര്‍വാഴ ജെല്‍ പുരട്ടിയാല്‍ വ്യത്യാസം കാണാം. ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ തുടങ്ങിയ ഗുണങ്ങള്‍ കൂടാതെ സാലിസിലിക് ഗുണങ്ങള്‍ കൂടി അടങ്ങിയതാണ് കറ്റാര്‍ വാഴ. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരില്‍ അര സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്താല്‍ മുഖത്തെ കരുവാളിപ്പിനു ആശ്വാസമുണ്ടാകും.കണ്‍തടങ്ങളിലെ കറുപ്പ് നമ്മള്‍ എല്ലാം നേരിടുന്ന വെല്ലുവിളിയാണ്. അമിത സ്‌ക്രീന്‍ ഉപയോഗം, തിരക്കിട്ട ജീവിത ശൈലി എന്നിവ കണ്‍തടത്തിലെ രക്തയോട്ടം കുറയ്ക്കും. കറ്റാര്‍ വാഴ ജെല്ലില്‍ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും പോഷകങ്ങളും ഈ വെല്ലുവിളി പരിഹരിക്കാന്‍ സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ എടുത്തു കണ്‍തടങ്ങളില്‍ ദിവസവും മസ്സാജ് ചെയ്താല്‍ കണ്ണിനു താഴത്തെ കറുപ്പ് മാറിക്കിട്ടുന്നതാണ്.

Top