ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ നായകനുമായി അഭിപ്രായവ്യത്യാസമുണ്ടായി ഗ്രൗണ്ട് വിട്ടുപോയ വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ അല്‍സാരി ജോസഫിന് അടുത്ത രണ്ടു മത്സരത്തില്‍ വിലക്ക്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ നാലാം ഓവറിലാണ് സംഭവം.
അൽസാരി ജോസഫിനായി ക്യാപ്റ്റൻ ഷായി ഹോപ്പ് തയ്യാറാക്കിയിരുന്ന ഫീൽഡ് സെറ്റപ്പിൽ വിൻഡീസ് പേസർ തൃപ്തനല്ലായിരുന്നു. ഓവറിനിടെ ജോസഫിന്റെ പന്തില്‍ ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ കോക്സിന്റെ ഷോട്ട് പോയിന്റിലൂടെ പോയി. ഉടന്‍ തന്നെ സ്ലിപ്പ് ഫീല്‍ഡിങ് വിന്യാസത്തില്‍ അല്‍സാരി ജോസഫ് ക്യാപ്റ്റനോട് അതൃപ്തി പ്രകടിപ്പിച്ചു.
Also Read: ‘സഞ്ജു ഐപിഎലിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ’ – സന്ദീപ് ശർമ്മ
തുടര്‍ന്ന് അല്‍സാരി ജോസഫിന്റെ ആ ഓവറില്‍ത്തന്നെ 148 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ച് കോക്സ് പുറത്തായി. എന്നാല്‍ വിക്കറ്റ് നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിക്കാതിരുന്ന അല്‍സാരി ജോസഫ് നായകനോട് വിരല്‍ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിച്ചശേഷം ഗ്രൗണ്ട് വിടുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസാണ് അൽസാരിക്കെതിരെ നടപടി സ്വീകരിച്ചത്. അല്‍സാരിയുടെ പെരുമാറ്റം ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ട് നിര്‍ണായക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തു. മറുപടി പറഞ്ഞ വെസ്റ്റ് ഇൻഡീസ് 43 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ബ്രണ്ടൻ കിങ്ങും കീസി കാർട്ടിയും നേടിയ സെഞ്ച്വറി മികവിലാണ് വിൻഡീസിന്റെ വിജയം. തകർപ്പൻ വിജയത്തോടെ വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി.