ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈകോടതി

ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈകോടതി
ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ ഉടന്‍ അടക്കണമെന്ന് ഹൈകോടതി

കീഴ്മാട്: ആലുവ – പെരുമ്പാവൂര്‍ ദേശസാത്കൃത റോഡിലെ കുഴികള്‍ എത്രയും പെട്ടെന്ന് അടക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ആലുവ -പെരുമ്പാവൂര്‍ ദേശസാത്കൃത റോഡില്‍ ചാലക്കല്‍ പകലമറ്റം മുതല്‍ തോട്ടുമുഖം കവല വരെ 4.6 കി.മീറ്റര്‍ ദൂരം റോഡില്‍ കുഴികളാണെന്ന് കാണിച്ച് കുട്ടമശ്ശേരി ജനകീയ റോഡ് സുരക്ഷ സമിതിക്ക് വേണ്ടി സമിതി ചെയര്‍പേഴ്‌സന്‍ മരിയ അബു നല്‍കിയ ഹരജിയിലാണ് ഹൈകോടതി ഇടക്കാല ഉത്തരവിട്ടത്.

21ന് കേസ് വീണ്ടും പരിഗണിക്കും. കുട്ടമശ്ശേരിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ജനകീയ റോഡ് സുരക്ഷ സമിതി ആലുവ – പെരുമ്പാവൂര്‍ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ ജാഥ, ഏകദിന ഉപവാസം തുടങ്ങിയവ നടത്തിയിരുന്നു.
ജില്ല കലക്ടര്‍, പി.ഡബ്ല്യു.ഡി, ജല അതോറിറ്റി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കടക്കം നിവേദനങ്ങളും നല്‍കിയിരുന്നു. റോഡ് ഉപരോധമടക്കം നിരവധി ജനകീയ സമരങ്ങളും നടത്തിക്കഴിഞ്ഞു. എന്നിട്ടും യാതൊരു പരിഹാരവും കാണാതായതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.

വര്‍ഷങ്ങളായി കുഴികള്‍ നിറഞ്ഞ റോഡ്, ജല്‍ ജീവന്‍ പൈപ്പിടല്‍ നടത്തിയതോടെയാണ് പാടേ തകര്‍ന്നത്. റോഡ് ബി.എം ബി.സി നിലവാരത്തില്‍ പുനരുദ്ധരിക്കാന്‍ ഫണ്ട് പാസായിട്ട് കാലങ്ങളായി. പദ്ധതി ആരംഭിക്കാനിരിക്കേയാണ് പൈപ്പിടല്‍ വന്നത്. ഇതോടെ റോഡ് നവീകരണം തടസ്സപ്പെട്ടു.

കരാറുകാരുടെയും ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ജല്‍ ജീവന്‍ പദ്ധതിയുടെ പണികള്‍ പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് റോഡ് കൈമാറാന്‍ കഴിയാതെ വന്നതിനിടയാക്കിയത്. റോഡ് തിരിച്ച് ലഭിക്കാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പിന് പണി നടത്താനും കഴിയുന്നില്ല. കാല്‍നട യാത്ര പോലും സാധ്യമാകാത്ത രീതിയില്‍ പൊട്ടിപ്പൊളിഞ്ഞ ആലുവ – പെരുമ്പാവൂര്‍ റോഡില്‍ ഇതിനോടകം നിരവധി അപകടങ്ങള്‍ നടന്നുകഴിഞ്ഞു. ഈ റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ കഴിയുന്നുണ്ട്. പരിക്കേറ്റ പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ചെലവായിട്ടുള്ളത്.

Top