CMDRF

ആമയിഴഞ്ചാന്‍ മാലിന്യ പ്രശ്‌നം; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

ആമയിഴഞ്ചാന്‍ മാലിന്യ പ്രശ്‌നം; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
ആമയിഴഞ്ചാന്‍ മാലിന്യ പ്രശ്‌നം; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.

18 വ്യാഴാഴ്ച രാവിലെ 11:30ന് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം -റെയില്‍വേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎല്‍എമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാകും.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ആമഴയിഴഞ്ചാന്‍ കനാലില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയായ ജോയിയെ കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം ഇന്നലെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടൊപ്പമുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുന്നത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് സ്‌കൂബാ ഡൈവിംഗ് സംഘമടക്കം ഇറങ്ങി തെരച്ചില്‍ നടത്തിയത്. എന്നാല്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവില്‍ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Top