എഐ സ്റ്റാര്‍ട്ടപ്പ് ആന്ത്രോപിക്കില്‍ 275 കോടി കൂടി നിക്ഷേപിച്ച് ആമസോണ്‍. ഇതോടെ ആമസോണിന്റെ ആന്ത്രോപികിലെ നിക്ഷേപം 400 കോടി ഡോളറായി. ആന്ത്രോപിക്കിലെ 50 ശതമാനത്തിലേറെ ഓഹരി ആമസോണിന് സ്വന്തമായി.
‘നമ്മുടെ കാലത്ത് ഏറ്റവും പരിവര്‍ത്തന ശേഷിയുള്ള സാങ്കേതിക വിദ്യയായി ജനറേറ്റീവ് എഐ മാറിയിരിക്കുന്നു. ആന്ത്രോപിക്കുമായുള്ള സഹകരണത്തിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.’ ആമസോണ്‍ വെബ് സര്‍വീസസ് ഡാറ്റാ ആന്റ് എഐ വൈസ് പ്രസിഡന്റ് സാമി ശിവസുബ്രമണ്യന്‍ പറഞ്ഞു.സെപ്റ്റംബറിലാണ് ആമസോണ്‍ സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്ത്രോപിക്കില്‍ 125 കോടി ഡോളര്‍ നിക്ഷേപിച്ചത്. ആകെ 400 കോടി ഡോളര്‍ നിക്ഷേപം നടത്താനുള്ള പദ്ധതി അന്ന് ആമസോണ്‍ വെളിപ്പെടുത്തിയിരുന്നു. വാഗ്ദാനം പാലിച്ചാണ് ഇപ്പോള്‍ 275 കോടി കൂടി നല്‍കിയിരിക്കുന്നത്.
വന്‍കിട കമ്പനികളെല്ലാം വന്‍തോതില്‍ എഐ അധിഷ്ടിത സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിവരികയാണ്. ജനറേറ്റീവ് എഐ വിപണിയില്‍ മുന്നിലുള്ള ഓപ്പണ്‍ എഐയിലെ പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റ് 1300 കോടി ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. മെറ്റ, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും ഇതിനകം ഈ രംഗത്ത് സജീവമായിക്കഴിഞ്ഞു. ആപ്പിള്‍ ആകട്ടെ ഇലക്ട്രിക് വാഹനം നിര്‍മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് എഐ വ്യവസായത്തിലേക്ക് തിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം നിരവധി എഐ സ്റ്റാര്‍ട്ടപ്പുകളെ ആപ്പിള്‍ ഏറ്റെടുത്തുകഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.