റഷ്യയിലേയ്ക്ക് യുക്രെയ്ൻ മിസൈലുകൾ പായിച്ചതോടെ, റഷ്യ ഇനി വെറുതെയിരിക്കില്ല എന്നുറപ്പാണ്. അത്യാധുനിക സാങ്കേതിക രീതി ഉപയോഗിച്ചുള്ള ഹൈബ്രിഡ് യുദ്ധത്തിനാണ് ഇതോടെ പുടിൻ തയ്യാറെടുക്കുക. പുടിന്റെ ആക്രമണം അതി ഭീകര മായിരിക്കുമെന്ന് യൂറോപ്പിനും അമേരിക്കയ്ക്കും നന്നായി അറിയാം. ഈ തിരിച്ചറിവ് അവരെ കൂടുതൽ ഭീതിയിലാക്കുകയും ചെയ്യുന്നുണ്ട്. റഷ്യയ്ക്കുള്ളിലേയ്ക്ക് യുക്രെയ്ൻ അമേരിക്കൻ നിർമ്മിത മിസൈലുകൾ തൊടുത്തുവിട്ടതിന് പകരം വീട്ടുമെന്ന റഷ്യയുടെ പ്രതിജ്ഞ ലോകരാജ്യങ്ങളെ ഒന്നാകെ വിറപ്പിക്കുന്ന ഒന്നായി മാറുകയാണ്.
ഇതിനിടെ യുക്രെയ്ൻ ദീർഘദൂര മിസൈൽ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് റഷ്യ രംഗത്ത് എത്തിയിരുന്നു. ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നതിൽ യുക്രെയ്‌നു മേൽ ഏർപ്പെടുത്തിയ വിലക്ക് ബൈഡൻ ഭരണകൂടം നീക്കിയതിനു പിന്നാലെയാണ് അമേരിക്കൻ നിർമ്മിത മിസൈലുകൾ റഷ്യയിലേയ്ക്ക് യുക്രെയ്ൻ തൊടുത്തുവിട്ടത്. റഷ്യയുടെ ബ്രയാൻസ്‌ക് മേഖലയിലേക്ക് മിസൈലുകൾ വിന്യസിച്ച കാര്യം റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.
Also Read : അമേരിക്കയ്ക്ക് നേരെ ആണവായുധം പ്രയോഗിക്കും, നിർണ്ണായക തീരുമാനത്തിന് അംഗികാരം നൽകി റഷ്യ
റഷ്യയ്ക്കകത്തെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്താൻ യുക്രെയ്ൻ ആദ്യമായാണ് ദീർഘദൂര അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 3.25നായിരുന്നു ആക്രമണം. അതേസമയം റഷ്യ 5 മിസൈലുകളും ആക്രമിച്ചു തകർത്തു. തകർന്ന മിസൈലിന്റെ ഭാഗങ്ങൾ റഷ്യയുടെ സൈനിക കേന്ദ്രത്തിനടുത്താണ് പതിച്ചത്. എന്നാൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ വ്യോമ പ്രതിരോധ സേന അറിയിച്ചു.
അതേസമയം, അമേരിക്കയുടെ പുതിയ നയത്തോട് ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ അടുത്ത ദിവസങ്ങളിൽ റഷ്യ തങ്ങളുടെ ആണവ സിദ്ധാന്തം മാറ്റുകയും, അത് ന്യൂക്ലിയർ സേബർ റാറ്റിംഗിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ റഷ്യ യുക്രെയിനെ ആയിരിക്കില്ല ആക്രമിക്കുകയെന്നും ലോകത്തിന്റെ മറ്റെവിടെയെങ്കിലും ആയിരിക്കാമെന്നും നാറ്റോ രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട്.
Also Read: ഇറാന്റെ പിന്തുണയോടെ ഹമാസിന് പുതിയ നേതാവ്; ഉറക്കം നഷ്ടപ്പെട്ട് നെതന്യാഹു
റഷ്യ ഇനി ഹൈബ്രിഡ് ആക്രമണങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും യൂറോപ്പിൽ വിചാരിക്കാത്ത പല അട്ടിമറികളും, ദുരൂഹമായ കൊലപാതകങ്ങളും നടക്കുമെന്നും പാശ്ചാത്യ രാജ്യങ്ങൾ ഭയപ്പെടുന്നുണ്ട്. മിഡിൽ ഈസ്റ്റിലും ഇന്തോ-പസഫിക് മേഖലകളിലെ അമേരിക്കൻ എതിരാളികൾക്കും കൂടുതൽ ആയുധങ്ങൾ റഷ്യ നൽകുമെന്നും അമേരിക്കയുൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ ഭയക്കുന്നുണ്ട്.
ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുടെ വിദേശകാര്യ മന്ത്രിമാർ ചൊവ്വാഴ്ച ബ്രസൽസിൽ നടന്ന യോഗത്തിൽ റഷ്യയുടെ തീരുമാനം എന്തായിരിക്കുമെന്നതിനെ കുറിച്ച് യൂറോപ്യൻ മന്ത്രിമാർ ചർച്ച ചെയ്തു. ലോകത്തെ ആശങ്കപ്പെടുത്തിയാണ് റഷ്യ ഹൈബ്രിഡ് യുദ്ധത്തിലേയ്ക്ക് തിരിഞ്ഞിരിക്കുന്നതെന്നുതന്നെയായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ യോഗത്തിൽ നിലപാടെടുത്തത്. ബാൾട്ടിക് കടലിലെ ഫൈബർ-ഒപ്റ്റിക് കമ്മ്യൂണിക്കേഷൻ കേബിളുകൾ അടുത്തിടെ അട്ടിമറിച്ചതിനു പിന്നിലും റഷ്യയുടെ കൈ ഉണ്ടെന്ന് സംശയിക്കുന്നതായും യൂറോപ്യൻ രാജ്യങ്ങൾ കുറ്റപ്പെടുത്തി.
Also Read: യുദ്ധത്തെ മുന്നില്‍കണ്ട് നോര്‍ഡിക് രാജ്യങ്ങള്‍; കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം
യുക്രെയ്‌നിനുള്ള സഹായം വെട്ടിക്കുറയ്ക്കുമെന്നും റഷ്യയ്ക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്ന സമാധാന കരാറിന് ഇടനിലക്കാരനാകുന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം വരെ റഷ്യ നിശബ്ദദത പാലിക്കുമെന്നും പാശ്ചാത്യ രാജ്യങ്ങൾ കണക്കുകൂട്ടുന്നു. റഷ്യയിലേയ്ക്കുള്ള യുക്രേനിയൻ ആക്രമണം ബ്രയാൻസ്‌ക് മേഖലയിലെ ഒരു വെടിമരുന്ന് വെയർ ഹൗസിലേയ്ക്കായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് ആദ്യം മുതൽ യുക്രേനിയൻ നുഴഞ്ഞുകയറ്റം നടക്കുന്ന കുർസ്‌ക് മേഖലയുടെ വടക്ക്-പടിഞ്ഞാറാണ് ഈ പ്രദേശം.
ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിധി കുറയ്ക്കുന്ന പുതുക്കിയ ആണവ സിദ്ധാന്തത്തിൽ വ്ളാഡിമിർ പുടിൻ ഒപ്പിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് യുക്രെയ്‌നിൽ നിന്ന് മിസൈലുകൾ പാഞ്ഞെത്തിയതും, ഇതിന് തക്കതായ തിരിച്ചടി നൽകുമെന്ന് പുടിൻ അറിയിച്ചതും. ഇതാണിപ്പോൾ നാറ്റോ സഖ്യരാജ്യങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടിയിരിക്കുന്നത്.
Also Read: ദീർഘദൂര മിസൈൽ യുക്രെയിന്‍ ഉപയോഗിച്ചാൽ അമേരിക്കയെ ആക്രമിക്കും, ബൈഡൻ്റെ നീക്കത്തിൽ റഷ്യ!
അതേസമയം, റഷ്യ സൈബർ ആക്രമണങ്ങളും, പ്രചാരണ യുദ്ധങ്ങളും, അട്ടിമറികളുമടങ്ങിയ ‘ഹൈബ്രിഡ് പദ്ധതികൾ’ തങ്ങളുടെ എതിരാളികൾക്കെതിരെയുള്ള പ്രധാന ആയുധമായി പുറത്തെടുക്കുകയാണ്. മാത്രമല്ല, എണ്ണ- ഗ്യാസ് വിതരണ ചാനലുകൾ പോലുള്ള നിർണായക പൈപ്പ്‌ലൈൻ ലക്ഷ്യമാക്കുന്ന ആക്രമണ സാധ്യതയും ശക്തമാണ്.
ബാൾട്ടിക് കടലിലെ കേബിളുകൾക്ക് അടുത്തിടെയുണ്ടായ കേടുപാടുകൾ, ഈ ആഴ്ച ആദ്യം ദ്രുതഗതിയിൽ വിച്ഛേദിക്കപ്പെട്ടതിനെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. ഇത് അട്ടിമറിയുടെ ഭാഗമാണെന്നും ഇതിന് പിന്നിൽ റഷ്യയായിരിക്കുമെന്നും പാശ്ചാത്യരാജ്യങ്ങൾ ഉറച്ചുവിശ്വസിക്കുന്നുണ്ട്. ആ നിഗമനം സ്ഥിരീകരിക്കപ്പെട്ടാൽ, റഷ്യൻ അതിർത്തിക്കുള്ളിൽ ഏറെ വിനാശകാരിയായ മിസൈലുകൾ ഉപയോഗിക്കുന്നതിന് അമേരിക്ക അനുമതി നൽകാനും സാധ്യതയുണ്ട്. ഇത് ചിലപ്പോൾ ഒരു ലോകമഹായുദ്ധത്തിന് തന്നെ വഴിവെക്കാമെന്നും സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾ ആശങ്കപ്പെടുന്നുണ്ട്.
Also Read : ലോകത്തെ വിഴുങ്ങാനൊരുങ്ങി ‘താപ തരംഗങ്ങൾ’
അതേസമയം യൂറോപ്പിലുടനീളം അട്ടിമറി, തീവെപ്പ്, കൊലപാതകങ്ങൾ, സൈനിക താവളങ്ങൾ, ഗതാഗതം, ടെലികോം ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവ വർദ്ധിച്ചുവരുന്നതായും നാറ്റോ രാജ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ റഷ്യയുടെ കൈകളാണെന്നാണ് ഇവർ വിശ്വസിക്കുന്നത്. എന്നാൽ, റഷ്യയുടെ വർദ്ധിച്ചുവരുന്ന ഹൈബ്രിഡ് യുദ്ധത്തെ നേരിടാൻ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ സജ്ജരല്ലെന്ന് അമേരിക്കയുടെ മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ചു.
യെമനിലെ ഹൂതികളും ലെബനനിലെ ഹിസ്ബുള്ളയും ഉൾപ്പെടെയുള്ള മേഖലയിലെ ഇറാനും അതിന്റെ പ്രോക്‌സി സഖ്യകക്ഷികൾക്കുമുള്ള പിന്തുണ വർദ്ധിപ്പിക്കാൻ റഷ്യയ്ക്ക് കഴിയും എന്നതും യൂറോപ്പിനെ ഒരുപോലെ ഭയപ്പെടുത്തുന്നുണ്ട്. എന്തായാലും റഷ്യയിലേയ്ക്കുള്ള യുക്രെയ്‌നിന്റെ ആ മിസൈൽ വർഷത്തോടെ ഇനി ശക്തമായ യുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. റഷ്യതൊടുത്തുവിടുന്ന ആയുധങ്ങൾ കൊണ്ട് യുക്രെയ്‌നെ ഭസ്മമാക്കാൻ കഴിയും. ഇതുവരെയും റഷ്യ യുദ്ധത്തിന്റെ കാര്യത്തിൽ ഒരു മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരുന്നത്. ഇനി റഷ്യയുടെ യുദ്ധനയം മാറുമോ എന്ന് കണ്ട് തന്നെ അറിയണം.