ഇറാന് നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ ഇസ്രയേല്‍ അന്തിമ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ആക്രമിക്കാന്‍ സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. എബിസി ന്യൂസാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത്‌വിട്ടിരിക്കുന്നത്. അതേസമയം ഇസ്രയേല്‍ ലക്ഷ്യമിട്ട ലക്ഷ്യങ്ങളെക്കുറിച്ച് ഒരു വിവരവും പുറത്ത് വന്നിട്ടില്ല.
ഇറാന്‍ സൈനിക ലക്ഷ്യങ്ങളില്‍ മാത്രമേ ഇസ്രായേല്‍ ആക്രമണം നടത്തൂ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നെതന്യാഹു വാഗ്ദാനം നല്‍കിയതായി മുന്‍പ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനിലെ എണ്ണ – ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബൈഡന്‍ ഇസ്രായേല്‍ നേതാവിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേല്‍ അജണ്ട എബിസി ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം ഹമാസിന്റെയും ഹിസ്ബുള്ളയുടെയും തലവന്മാരെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) ജനറലിനെയും കൊലപെടുത്തിയതിന് മറുപടിയായാണ് ഒക്ടോബര്‍ 1ന് ഇറാന്‍ ഇസ്രായേലിന് നേരെ 200 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നത്. ഇതിനുശേഷം, ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഇറാനെതിരെ ‘മാരകവും കൃത്യമായതും ആശ്ചര്യപ്പെടുത്തുന്നതുമായ’ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
Also Read: നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യക്കെതിരെ നടപടി, കണ്ണൂർ ജില്ലാ പഞ്ചായത്തിന് പുതിയ പ്രസിഡന്റ്
ആണവ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഇറാനിയന്‍ ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ വലിയ തോതില്‍ തിരിച്ചടിക്കുമെന്നാണ് അമേരിക്ക ഇസ്രയേലിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ ഇസ്രയേലില്‍ താഡ് പ്രതിരോധ സംവിധാനവും അമേരിക്ക വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ‘മേഖലയുടെ സമാധാനവും സുരക്ഷയും സംരക്ഷിക്കാന്‍ എല്ലാവിധ ശ്രമങ്ങളും ഇറാന്‍ നടത്തുമ്പോള്‍’ രാജ്യത്തിന് നേരെ ആക്രമണം നടന്നാല്‍ ഏത് ലെവലില്‍ പ്രതികരിക്കാനും ഇറാന്‍ സൈനും ”പൂര്‍ണ്ണ സജ്ജമാണെന്നാണ് ഇറാന്‍ അധികൃതര്‍ യുഎന്‍ സെക്രട്ടറി ജനറലിനോടും വ്യക്തമാക്കിയിരിക്കുന്നത്. ‘ഇസ്രായേല്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും തടയാനും ലെബനനിലേക്കും ഗാസയിലേക്കും മാനുഷിക സഹായം അയയ്ക്കാനും’ യുഎന്നിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഇറാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഹമാസിന്റെ പുതിയ മേധാവി യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. ഇറാന്റെയും ഹിസ്ബുള്ളയുടെയും നീക്കങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും നിരന്തരം നിരീക്ഷിച്ചു വരികയാണ്. ആണവ ബോംബിനേക്കാള്‍ പ്രഹര ശേഷിയുള്ള രഹസ്യ ആയുധം ഇറാന്റെ പക്കല്‍ ഉണ്ടെന്നാണ് ഇറാന്‍ ബ്രിഗേഡിയര്‍ ജനറല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത്. ഇതും അമേരിക്ക ഗൗരവമായാണ് കാണുന്നത്. ഇറാന് നേരെയുള്ള ഏത് ആക്രമണവും ഇറാന്റെ വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് കണ്ടു തന്നെയാണ് അമേരിക്കയും ഇപ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നത്.
Express Kerala Network