CMDRF

കെജ്രവാളിന്റെ അറസ്റ്റ്; ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കന്‍

കെജ്രവാളിന്റെ അറസ്റ്റ്; ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കന്‍
കെജ്രവാളിന്റെ അറസ്റ്റ്; ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കന്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് അമേരിക്ക. കെജ്രവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതും തുടര്‍ന്നുള്ള നടപടികളും അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും നിരീക്ഷിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് വക്താവ് പറഞ്ഞു. ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി. കെജ്രവാളിന്റെ അറസ്റ്റില്‍ ജര്‍മ്മനിയുടെ വിദേശകാര്യ ഓഫീസ് പ്രതികരിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെയും പ്രതികരണം.

മറ്റേതൊരു ഇന്ത്യന്‍ പൗരനെയും പോലെ, ആരോപണങ്ങള്‍ നേരിടുന്ന ആം ആദ്മി പാര്‍ട്ടി നേതാവിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ജര്‍മ്മനിയുടെ വിദേശകാര്യ ഓഫീസ് ഊന്നിപ്പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ജര്‍മ്മനിയുടെ പ്രതികരണത്തെ പിന്തള്ളി. രാജ്യത്തിന്റെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതും ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമാണ് അത്തരം പരാമര്‍ശങ്ങളെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

ഇതിനിടെ ഇഡിയെ കുഴപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രവാള്‍ ജയിലില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും മന്ത്രിസഭയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യ മന്ത്രാലയത്തിനാണ് ഇത്തവണ കെജ്രിവാളിന്റെ നിര്‍ദേശം ലഭിച്ചത്. പിന്നാലെ ആരോഗ്യമന്ത്രി സൗരഭ് ഭരദ്വജ് വാര്‍ത്താസമ്മേളനം വിളിച്ചു. ആശുപത്രികളില്‍ സൗജന്യമായി മരുന്ന് വിതരണം തുടങ്ങാനാണ് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജലപ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജ്രവാള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് വ്യാജമാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് വീണ്ടുമൊരു ഉത്തരവ് കൂടി കെജ്രവാളിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്.

കെജ്രവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാനാണ് തീരുമാനം. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലെങ്കിലും മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് എഎപി തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധവും ആം ആദ്മി പാര്‍ട്ടി നടത്തും. മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്രവാളിനെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള സമൂഹ മാധ്യമ ക്യാമ്പയിന്‍ ഇന്നലെ എഎപി ആരംഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ തടയാന്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഡല്‍ഹി പൊലീസ് ഒരുക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Top