CMDRF

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കൻ ബുദ്ധി, ഇസ്രയേലിനെ മുൻ നിർത്തിയുള്ള ‘രാഷ്ട്രീയക്കളി’

ലെബനന്‍ മറ്റൊരു ഗാസയാകുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കൻ ബുദ്ധി, ഇസ്രയേലിനെ മുൻ നിർത്തിയുള്ള ‘രാഷ്ട്രീയക്കളി’
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കൻ ബുദ്ധി, ഇസ്രയേലിനെ മുൻ നിർത്തിയുള്ള ‘രാഷ്ട്രീയക്കളി’

സ്രയേലിനുള്ള അമേരിക്കയുടെ നിരുപാധികമായ പിന്തുണയും ഗാസയിലെ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിലെ സമ്പൂര്‍ണ പരാജയവും എല്ലാറ്റിനും പുറമെ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ നരഹത്യയും ഇപ്പോള്‍ ലെബനനിനെയും കൊണ്ടെത്തിച്ചിരിക്കുന്നത് ഒരു സമ്പൂര്‍ണ യുദ്ധത്തിന്റെ പടിവാതില്‍ക്കലാണ്. പശ്ചിമേഷ്യയിലൊന്നാകെ അശാന്തി വിതയ്ക്കുന്ന യുദ്ധമെന്ന ചിന്തയിലേക്ക് ഇസ്രയേല്‍ കടക്കുമ്പോള്‍ ഇത്തരത്തിലൊരു സമ്പൂര്‍ണ യുദ്ധം പ്രഖ്യാപിക്കാന്‍ ആ രാജ്യത്തെ ധൈര്യപ്പെടുത്തിയ വസ്തുതകളെയും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.

ജനാധിപത്യ സംരക്ഷണത്തിന് അമേരിക്കന്‍ ഭരണകൂടം നല്‍കുന്ന പ്രാധാന്യം അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണവീഥികളിലുടനീളം മുഴങ്ങിക്കേട്ടതാണ്. എന്നാല്‍ ആഗോളവ്യവസ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമ്പോള്‍… അമേരിക്ക ജനാധിപത്യ വ്യവസ്ഥിതിയെ കാറ്റില്‍ പറത്തുന്നു എന്നതും വ്യക്തമാണ്. രാജ്യങ്ങളുടെ പരമാധികാരവും സ്വയംഭരണവും സംരക്ഷിക്കുന്നതില്‍ അമേരിക്ക പലപ്പോഴായി സ്വീകരിച്ചിരിക്കുന്ന സ്വാര്‍ത്ഥ നിലപാടുകളെ ലോകം കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ലെബനനിനുമേല്‍ ഇസ്രയേലിന്റെ ആക്രമണം മേഖലായുദ്ധമായി പരിണമിക്കുന്ന ഈ സാഹചര്യത്തില്‍ അത് അനിവാര്യവുമാണ്.

Israel flag

ശക്തമായ പ്രതിരോധങ്ങള്‍ക്കിടയിലും ലെബനനെ ആക്രമിക്കാനുതകുന്ന തലത്തിലേക്ക് ഇസ്രയേലിന്റെ ആത്മവിശ്വാസത്തെ അമേരിക്കയാണ് പാകപ്പെടുത്തിയിരിക്കുന്നത്. ഗാസയിലെ അക്രമം മിഡില്‍ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അമേരിക്ക ഇസ്രയേലിന് നയതന്ത്രപരവും സൈനികവുമായ വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ അണിയറയിലെ സൂത്രധാരന്‍ ആരെന്നതും വ്യക്തമാണ്.

അമേരിക്ക ആത്മാര്‍ത്ഥമായി വിചാരിച്ചിരുന്നുവെങ്കില്‍ ഗാസയില്‍ നടക്കുന്ന ഈ വംശഹത്യയെ ചെറുക്കാന്‍ അമേരിക്കയ്ക്ക് ആദ്യം മുതല്‍ക്കെ സാധിക്കുമായിരുന്നു. എന്നാല്‍, വേണ്ടവിധത്തില്‍ അത് നടപ്പിലാക്കുന്നതില്‍ അമേരിക്ക വലിയ അലംഭാവമാണ് കാണിച്ചിരിക്കുന്നത്. അവര്‍ ആഗ്രഹിച്ചത് തന്നെയാണ് ഇസ്രയേല്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു.

Lebanon

ഗാസാ യുദ്ധം ഒരു വര്‍ഷത്തിലേക്ക് നീങ്ങുക മാത്രമല്ല ഇറാനും ഹിസ്ബുള്ളയും റഷ്യയുമെല്ലാം ആക്രമിക്കുമെന്ന വലിയ ഭീഷണിയും ഇപ്പോള്‍ അമേരിക്കയും ഇസ്രയേലും നേരിടുന്നുണ്ട്.ഗാസയിലെ പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം ആക്രമണം ആരംഭിച്ചത് മുതലാണ് ലെബനനും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുന്നത്. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതസംഘത്തോടൊപ്പം ലെബനനിലെ ഹിസ്ബുള്ളയും… ഇസ്രയേലിനെ ചെങ്കടലില്‍ ഉള്‍പ്പെടെ പ്രതിരോധിച്ചിരുന്നു. ഈ പ്രതിരോധവും ഇസ്രയേലിനെ പ്രകോപിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

ലോകരാജ്യങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകളെല്ലാം കാറ്റില്‍പ്പറത്തി ഇസ്രയേല്‍ തുടരുന്ന ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ അടക്കം ആവശ്യവുമായി മുന്നോട്ടുവന്നിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. അറുതിയില്ലാതെ തുടര്‍ന്ന വംശഹത്യ അമേരിക്കയെയും പ്രസിഡന്റ് തിരഞ്ഞെടുപ്പിനെയും ഇപ്പോള്‍ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടത്തെ ലോക രാജ്യങ്ങള്‍ ചോദ്യം ചെയ്തു തുടങ്ങിക്കഴിഞ്ഞു.

Joe Biden

സിവിലിയന്‍ മരണങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചപ്പോള്‍… ഗത്യന്തരമില്ലാതെ ഇസ്രയേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്ക് അല്‍ഷിഫ ആശുപത്രിക്ക് നേരെ ബോംബുകള്‍ തുരുതുരാ വര്‍ഷിച്ചാണ് ഇസ്രയേല്‍ അതിക്രൂരമായി പ്രതികരിച്ചിരുന്നത്. ലോക രാജ്യങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രസ്താവന നടത്തുക എന്നതിനപ്പുറം ആത്മാര്‍ത്ഥമായ ഒരു ഇടപെടലും അമേരിക്കന്‍ ഭരണകൂടം നടത്തിയിട്ടില്ല. ഇതില്‍ അമേരിക്കയിലെ ജനങ്ങള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്.

ഇപ്പോഴും അമേരിക്കയുടെ സായുധ ബലത്തിലാണ് ഗാസയിലും ലെബനനെതിരെയും ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തുന്നത്. അമേരിക്ക ആയുധം നല്‍കാതെ വന്നാല്‍ ഇസ്രയേലിന് ഈ യുദ്ധത്തില്‍ നിന്നും നിര്‍ബന്ധമായും പിന്മാറേണ്ടി വരും. ആശയവിനിമയ സംവിധാനങ്ങളെയടക്കം കൂട്ടുപിടിച്ച് ഭീകരമായ രീതിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ലെബനനിലുടനീളം ഇസ്രയേല്‍ നടത്തിയ ക്രൂരമായ കൊലപാതകങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് നിയമവിദഗ്ധരടക്കം വിമര്‍ശിച്ചപ്പോഴും… വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും സ്ഫോടനങ്ങളെ അപലപിക്കുക പോലും ചെയ്തിരുന്നില്ല.

Palestine

പലസ്തീനിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നതായും ഇതിനകം തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴും അമേരിക്ക നിസ്സംഗത കാണിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ പടിഞ്ഞാറന്‍ മേഖലയിലെ ലബായയിലും യഹ്‌മോറിലും വീടുകളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്നാണ് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലെബനന്‍ മറ്റൊരു ഗാസയാകുന്നത് ലോകത്തിന് താങ്ങാനാവില്ലെന്ന് യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇസ്രയേല്‍ തെക്കന്‍ ലെബനനില്‍ നടത്തിക്കൊണ്ടിരിക്കുന്നത് ലോകനിയമങ്ങളുടെ കടുത്ത ലംഘനമാണ്. യുദ്ധം നിയന്ത്രിക്കാനും ഇസ്രയേലിനെ നിലയ്ക്ക് നിര്‍ത്താനും അമേരിക്കയ്ക്ക് സാധ്യമല്ലെങ്കില്‍ ആ സ്ഥാനത്ത് മറ്റാര്‍ക്കെങ്കിലും അത് സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

Antonio Guterres

മധ്യസ്ഥ ശ്രമങ്ങളിലൂടെയും പരിഹാര നിര്‍ദേശങ്ങളിലൂടെയുമുള്ള നീക്കുപോക്കുകള്‍ക്ക് ഹിസ്ബുള്ളയും ഇസ്രയേലും അടുക്കാത്തപക്ഷം അത് പുതിയൊരു മൂന്നാംലോക യുദ്ധത്തില്‍ കലാശിക്കാനാണ് സാധ്യത.എന്നും ഒരു വിഭാഗം മാത്രം വിജയിച്ച ചരിത്രം ലോക ചരിത്രത്തില്‍ തന്നെയില്ല. വീഴേണ്ട സ്ഥലത്ത് വീഴേണ്ട രൂപത്തില്‍ ഒരു ബോംബ് വീണാല്‍ ആ നിമിഷം തീരാവുന്ന അഹങ്കാരമേ ഇസ്രയേലിനുള്ളൂ. വൈകിയെങ്കിലും ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാല്‍ നല്ലത്. ഈ ഘട്ടത്തില്‍ അങ്ങനെ മാത്രമേ പറയാനും കഴിയുകയുള്ളൂ.

വീഡിയോ കാണാം

Top