വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രചരണത്തിന് ഒരുമിച്ചിറങ്ങി പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും. മാരിലാന്റിലെ മാല്‍ബൊറോയില്‍ നടന്ന പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്ന കമല ഹാരിസിനെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ബൈഡന്‍ സംസാരിച്ചത്. തങ്ങളുണ്ടാക്കിയ എല്ലാ വിജയത്തിലും തനിക്ക് മികച്ച പങ്കാളിയെ ലഭിച്ചെന്നും കമല മികച്ച പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. നയപ്രഖ്യാപനത്തേക്കാള്‍ തന്റെ വൈസ് പ്രസിഡന്റിനെ പുകഴ്ത്താനായിരുന്നു ബൈഡന്‍ വേദിയെ ഉപയോഗിച്ചത്.
പ്രസിഡനറ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചും ബൈഡന്‍ പരാമര്‍ശിച്ചു. ‘എനിക്ക് 40 വയസ് പ്രായം മാത്രമേ തോന്നിക്കുകയുള്ളുവെന്ന് എനിക്ക് അറിയാം. ഒരുപാട് കാലം ഞാന്‍ യുവാവായിരുന്നു. ഇപ്പോള്‍ എനിക്ക് പ്രായമായി’, തമാശയോടെ ബൈഡന്‍ പറഞ്ഞു. അതേസമയം സമാനമായി ബൈഡനെ പ്രകീര്‍ത്തിക്കാന്‍ കമല ഹാരിസും മറന്നില്ല. നമ്മുടെ പ്രസിഡന്റിന് ഒരുപാട് സ്നേഹം ലഭിക്കുന്നുണ്ടെന്നാണ് കമലയും പരാമര്‍ശിച്ചത്.
നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തെങ്കിലും സ്ഥാനാര്‍ത്ഥിയായതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് കമല പ്രതികരണങ്ങല്‍ നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം ട്രംപിനേക്കാള്‍ വിജയ സാധ്യത കമലയ്ക്കുണ്ടെന്നുള്ള പോളിങ് ഫലങ്ങളും പുറത്ത് വരുന്നുണ്ട്. അരിസോണ, മിച്ചിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ സ്ഥലങ്ങളില്‍ റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപിനേക്കാള്‍ പോളിങ് കമലയ്ക്കാണെന്ന് കുക്ക് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തിറക്കിയ സര്‍വേയില്‍ വ്യക്തമാക്കുന്നു.