CMDRF

മൂന്ന് വയസുള്ള പലസ്തീന്‍ പെണ്‍കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് അമേരിക്കന്‍ യുവതി

മൂന്ന് വയസുള്ള പലസ്തീന്‍ പെണ്‍കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് അമേരിക്കന്‍ യുവതി
മൂന്ന് വയസുള്ള പലസ്തീന്‍ പെണ്‍കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് അമേരിക്കന്‍ യുവതി

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ മൂന്ന് വയസുള്ള പലസ്തീന്‍- അമേരിക്കന്‍ മുസ്‌ലിം പെണ്‍കുട്ടിയെ നീന്തല്‍ കുളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ മേയിലാണ് സംഭവം. 42കാരിയായ എലിസബത്ത് വോള്‍ഫാണ് കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. ഇവരെ അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

പക്ഷപാതിത്വവും മുന്‍വിധിയും കാരണമാണ് സ്ത്രീയെ ഇത്തരത്തിലുള്ള പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്നതായി യൂലെസ് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

യൂലെസിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുള്ള നീന്തല്‍ക്കുളത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവുമായി എലിസബത്ത് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇവരുടെ കൂടെ ആറ് വയസുകാരനായ മകനും ഉണ്ടായിരുന്നു.

നിങ്ങള്‍ എവിടെനിന്നാണെന്ന് ചോദിച്ചാണ് എലിസബത്ത് ഇവര്‍ക്കെതിരെ തിരിഞ്ഞത്. തുടര്‍ന്ന് ആറ് വയസുകാരനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് വിഫലമായതോടെ പെണ്‍കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മാതാവ് ഉടന്‍ തന്നെ വെള്ളത്തില്‍നിന്ന് വലിച്ചെടുത്തതിനാല്‍ കുട്ടി രക്ഷപ്പെട്ടു.

സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചു. മൂന്ന് വയസുകാരിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒരു കുട്ടിയും ഇത്തരം തീവ്രമായ ആക്രമണത്തിന് ഇരയാകരുത്. എന്റെ ഹൃദയം അവരുടെ കുടുംബത്തോടൊപ്പമുണ്ടെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ബൈഡന്റെ ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. നിങ്ങള്‍ ഗസയില്‍ ഇത് തന്നെയല്ലേ ചെയ്യുന്നതെന്ന് പലരും ചോദിച്ചു. നിരവധി കുഞ്ഞുങ്ങളാണ് അമേരിക്കയുടെ സഹായത്തോടെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പലരും ഓര്‍മിപ്പിച്ചു.

ഗസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം അമേരിക്കക്കാര്‍ക്കിടയില്‍ ഇസ്ലാമോഫോബിയ, പലസ്തീന്‍ വിരുദ്ധത, യഹൂദ വിരുദ്ധത എന്നിവ വര്‍ധിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Top