CMDRF

കണ്ണീരോടെ വരവേൽപ്പ്; വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച് മോചിതനായി

കണ്ണീരോടെ വരവേൽപ്പ്; വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച് മോചിതനായി
കണ്ണീരോടെ വരവേൽപ്പ്; വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച് മോചിതനായി

ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് റഷ്യയിൽ അറസ്റ്റിലായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച് ജയിൽ മോചിതനായി. റഷ്യയുമായുള്ള തടവുകാരുടെ കൈമാറ്റ ഇടപാടിൽ ഇവാൻ ഉൾപ്പെടെ മൂന്ന് അമേരിക്കക്കാരണ് യുഎസ് മണ്ണിൽ തിരിച്ചെത്തിയത്. എട്ട് റഷ്യൻ തടവുകാർക്ക് പകരം കൈമാറ്റം ചെയ്ത 16 തടവുകാരിൽ ഒരാളാണ് 32 കാരനായ ഇവാൻ. റഷ്യയുടെ പ്രതിരോധ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി കൊടുത്തെന്ന് ആരോപിച്ച് മാർച്ച് 29നാണ് ഇവാൻ ഗെർഷ്കോവിച്ചിനെ അറസ്റ്റ് ചെയ്തത്. ചാരവൃത്തി നടത്തിയെന്ന റഷ്യൻ വാദം അമേരിക്കയും വാൾസ്ട്രീറ്റ് ജേർണലും നിഷേധിച്ചിരുന്നു.

റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കൈമാറ്റ കരാറാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിച്ചു. സോവിയറ്റ് കാലഘട്ടത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ മാധ്യമ പ്രവർത്തകനെതിരെ റഷ്യ ചാരവൃത്തിക്കുറ്റം ചുമത്തുന്നത്. തുർക്കിയിലെ എയർഫീൽഡിൽ നടന്ന കൈമാറ്റത്തിൽ മുൻ യുഎസ് നാവികൻ പോൾ വീലൻ, റഷ്യൻ-അമേരിക്കൻ പത്രപ്രവർത്തകൻ അൽസു കുർമഷേവ എന്നവരുടെ മോചനവും ഉൾപ്പെടുന്നു. മടങ്ങിയെത്തിയവരെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമല ഹാരിസും ചേർന്ന് അഭിവാദ്യം ചെയ്തു. മൂന്ന് പേരെയും മെഡിക്കൽ ചെക്കപ്പിനായി ടെക്‌സാസിലെ ബ്രൂക്ക് ആർമി മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോകും.

18 മാസത്തിലേറെയായി നടന്ന കൈമാറ്റ ചർച്ചകൾക്കൊടുവിലാണ് മൂവരും മോചിപ്പിക്കപ്പെട്ടത്. ഏഴ് വ്യത്യസ്ത രാജ്യങ്ങളിലെ ജയിലുകളിൽ നിന്ന് 24 പേരെ അങ്കാറയിൽ കൈമാറിയതായി തുർക്കി പ്രസിഡൻസി അറിയിച്ചു. യുഎസ്, ജർമ്മനി, പോളണ്ട്, സ്ലോവേനിയ, നോർവേ, റഷ്യ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തടവുകാരെന്ന് പ്രസ്താവനയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ പത്ത് പേരെ റഷ്യയിലേക്കും 13 തടവുകാരെ ജർമ്മനിയിലേക്കും മൂന്ന് പേരെ യുഎസിലേക്കും മാറ്റിയിട്ടുണ്ട്.

Top