അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം: ഇസ്രായേല്‍ തീരുമാനമായില്ല

അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം: ഇസ്രായേല്‍ തീരുമാനമായില്ല
അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം: ഇസ്രായേല്‍ തീരുമാനമായില്ല

ദുബൈ: ഇസ്രായേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഇസ്രായേല്‍ തീരുമാനം നീളുന്നു. ആക്രമണം അവസാനിപ്പിച്ചാല്‍ പിന്തുണ പിന്‍വലിക്കുമെന്ന തീവ്രവലതുപക്ഷത്തിന്റെ മുന്നറിയിപ്പാണ് തുടര്‍ നീക്കങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തടയുന്നത്.

ജീവനോടെയോ അല്ലാതെയോ ബന്ദികളെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിനെ അമര്‍ച്ച ചെയ്യുന്നതുള്‍പ്പെടെ യുദ്ധലക്ഷ്യങ്ങളില്‍ നിന്ന് പിറകോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുവിഭാഗത്തെയും എത്രയും പെട്ടെന്ന് ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ഖത്തറില്‍ ചേര്‍ന്ന മധ്യസ്ഥ രാജ്യങ്ങളുടെയും അമേരിക്കയുടെയും യോഗത്തില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സി.ഐ.എ മേധാവി വില്യം ബേണ്‍സ് ഖത്തര്‍, ഈജിപ്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നിര്‍ത്തി സൈന്യത്തെ പിന്‍വലിക്കുന്ന ഏതൊരു വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടും അനുകൂല സമീപനം സ്വീകരിക്കുമെന്ന് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു.

ദക്ഷിണ ലബനാനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിനു നേര്‍ക്കുള്ള ഹിസ്ബുല്ല ആക്രമണം തടയാന്‍ വ്യാപക തിരിച്ചടിക്ക് സൈന്യം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഗസയില്‍ വെടിനിര്‍ത്തല്‍ വന്നാല്‍ ഹിസ്ബുല്ല ആക്രമണം അവസാനിക്കുമെന്നും വ്യാപക യുദ്ധത്തിലേക്ക് നീങ്ങരുതെന്നും അമേരിക്ക ഇസ്രായേലിനെ അറിയിച്ചു.

ഇസ്രായേലിന്റെ ജറൂസലേം ദിനാചരണം വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു. കിഴക്കന്‍ ജറൂസലേം ഉള്‍പ്പെടെ എല്ലാം ഇസ്രായേലിനു മാത്രം അവകാശപ്പെട്ടതാണെന്ന് മന്ത്രി ബെന്‍ ഗവിറിന്റെ പ്രസ്താവനക്കെതിരെ പലസ്തീന്‍ പ്രസിഡന്റും ഹമാസും രംഗത്തുവന്നു. പ്രകോപന നീക്കങ്ങള്‍ക്കെതിരെ അറബ് ലോകം പ്രതികരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

റഫ ഉള്‍പ്പെടെ ഗസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമായി തുടരുകയാണ്. പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ ഇല്ലാത്ത സാഹചര്യം മരണസംഖ്യ ഉയര്‍ത്തുന്നതായി ഗസ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പുതുതായി 25 എഫ്-35 യുദ്ധവിമാനങ്ങള്‍ കൂടി ഇസ്രായേലിന് കൈമാറാനുള്ള അമേരിക്കന്‍ കമ്പനിയുടെ കരാറിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇസ്രായേല്‍ ലോക്ഹീഡ് മാര്‍ട്ടിനുമായാണ് കരാറില്‍ ഒപ്പുവെച്ചത്.

Top