ഇസ്രയേല്‍-ലെബനന്‍ യുദ്ധത്തില്‍ പക്ഷപാതരഹിതമെന്നോണം മധ്യസ്ഥന്റെ പങ്ക് അമേരിക്ക വഹിക്കുമ്പോഴും പരസ്യമായ രഹസ്യമെന്നോണം ഇസ്രയേലിന് സൈനികപരമായും സാമ്പത്തികപരമായും അമേരിക്ക നല്‍കുന്ന സഹായങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. യുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിത്തം ലോകത്തിന് വ്യക്തമാണ്. കണ്ണില്‍പൊടിയിടാന്‍ സമാധാനചര്‍ച്ചയ്ക്കും യുദ്ധം അവസാനിക്കാനുള്ള ചര്‍ച്ചകള്‍ക്കും ആക്കം കൂട്ടുന്നുണ്ടെങ്കിലും ചിത്രം വളരെ വ്യക്തമാണ്. ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയുമൊക്കെ അമേരിക്കയ്ക്ക് പണ്ടേ ഔദ്യോഗികമായ ഭീകര സംഘടനകളാണ്. ഇരു വിഭാഗങ്ങളെയും വേരോടെ പിഴുതെറിയാന്‍ അമേരിക്ക വേണ്ടുന്നതെല്ലാം ചെയ്യും. തങ്ങളുടെ പ്രാദേശിക സ്ഥിരതയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയായിട്ടാണ് ഹമാസിനെയും ഹിസ്ബുള്ളയെയും അമേരിക്ക പണ്ടേ കാണുന്നത്. ഇരുകൂട്ടരെയും നശിപ്പിക്കുകയെന്നത് അമേരിക്കയുടെ ദീര്‍ഘകാലമായ ആവശ്യമാണ്.
നിലവില്‍ ഇസ്രയേലിനെ മുന്‍നിര്‍ത്തിയാണ് അമേരിക്കയുടെ പകപ്പോക്കലെങ്കിലും ഇതിനുമുമ്പും അമേരിക്ക ഹിസ്ബുള്ളയ്‌ക്കെതിരായി യുദ്ധത്തിനുള്ള പദ്ധതികള്‍ മെനഞ്ഞിരുന്നു. അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത കടുത്ത ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരായ അമേരിക്കയുടെ വിരോധം, 1980 ല്‍ ഹിസ്ബുള്ള സ്ഥാപിതമായത് മുതല്‍ തന്നെയുള്ളതാണ്. 1983-ല്‍ ഹിസ്ബുള്ളയുമായി നടന്ന സംഘട്ടനത്തില്‍ 241 സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്. മിഡില്‍ ഈസ്റ്റിലുടനീളം ഇറാന്റെ സഹായത്തോടെ സ്വാധീനം വര്‍ധിപ്പിക്കാനൊരുങ്ങിയ ഹിസ്ബുള്ളയുടെ വളര്‍ച്ച അമേരിക്കയെ പണ്ടേ ചൊടിപ്പിച്ചിരുന്നതാണ്. പ്രാധാന സഖ്യകക്ഷിയായ ഇസ്രയേലിന് വെല്ലുവിളിയായി ഹിസ്ബുള്ള മാറുമെന്ന ഭയവും മറ്റൊരു കാരണമാണ്.
ഹമാസിനെയും ഹിസ്ബുള്ളയെയും നശിപ്പിക്കാന്‍ പല തന്ത്രങ്ങളും അമേരിക്ക പയറ്റി. സൈനിക ഇടപെടല്‍, സാമ്പത്തിക ഉപരോധം, ഇരുവിഭാഗങ്ങളെയും ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങള്‍ എന്നിവയെല്ലാം പരീക്ഷിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ മനുഷ്യക്കുരുതിയില്‍ സൈനികപരമായി അമേരിക്ക ഇസ്രയേലിന് സഹായം നല്‍കി. ഇസ്രയേല്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനും ഹമാസിന്റെ പ്രവര്‍ത്തനശേഷിയെ തുരങ്കം വയ്ക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. സൈനിക നടപടിക്ക് പുറമേ, രണ്ട് സംഘടനകളെയും ലക്ഷ്യമിട്ട് അമേരിക്ക നിരവധി തീവ്രവാദ വിരുദ്ധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സഖ്യകക്ഷികളുമായുള്ള രഹസ്യാന്വേഷണം പങ്കിടല്‍, ഈ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ സാമ്പത്തിക ഉപരോധം, അവരുടെ ഫണ്ടിംഗ് സ്രോതസ്സുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയവയായിരുന്നു അത്.
ഈ ഉപരോധങ്ങള്‍ നടപ്പിലാക്കുന്നതിനും ഹമാസിന്റെയും ഹിസ്ബുള്ളയുടെയും പ്രവര്‍ത്തനശേഷി കുറയ്ക്കുന്നതിനും പല രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളുമായി അമേരിക്ക അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ലെബനന്‍ ഭരണകൂടത്തെ ശക്തിപ്പെടുത്താനും ഹിസ്ബുള്ളയുടെ സ്വയംഭരണാധികാരം കുറയ്ക്കാനും ലക്ഷ്യമിട്ട്, ഹിസ്ബുള്ളയ്‌ക്കെതിരായി ലെബനന്‍ സായുധ സേനയ്ക്ക് അമേരിക്ക പിന്തുണ നല്‍കിയിരുന്നു. ഒരിക്കല്‍ യുഎന്നില്‍ നടത്തിയ പ്രസംഗത്തില്‍ നാം ഒത്തൊരുമിച്ച് ലെബനന്റെയും ഹിസ്ബുള്ളയുടെയും ഭീകരര്‍ക്ക് ഓക്‌സിജന്‍ നിഷേധിക്കണമെന്ന ഗുരുതരാരോപണവും അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ നടത്തിയിരുന്നു.
അമേരിക്കയുടെ ഈ വെല്ലുവിളികളൊന്നും ഏശാതെയാണ് ഹമാസും ഹിസ്ബുള്ളയും നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ കാലങ്ങളായി അമേരിക്കയുമായുള്ള പ്രതിരോധത്തെ എതിര്‍ത്ത് അതിജീവനം നടത്തുന്ന രണ്ട് സംഘങ്ങള്‍ക്കും ശക്തമായ ജനപിന്തുണയുമുണ്ട്. അമേരിക്കന്‍ കുതന്ത്രങ്ങള്‍ക്കെതിരെ പടപൊരുതി നിലക്കൊള്ളുന്ന ഹമാസും, ബാഹ്യ ഭീഷണികള്‍ക്കെതിരെ, പ്രത്യേകിച്ച് ഇസ്രയേലിനെതിരെ പൊരുതി നില്‍ക്കുന്ന ലെബനനിലെ ഹിസ്ബുള്ളയുമൊക്കെ അവകാശത്തിന്റെ നിലയുറപ്പിച്ചാണ് നിലക്കൊള്ളുന്നത്. അമേരിക്കന്‍ തന്ത്രം പലപ്പോഴും അപ്രതീക്ഷിതമായി അമേരിക്കയ്ക്ക് തന്നെ വിനയായിട്ടുണ്ട്. ഉദാഹരണത്തിന് യുദ്ധത്തിനിടയിലേക്കുള്ള അമേരിക്കയുടെ സൈനിക ഇടപെടല്‍ അമേരിക്കന്‍ വിരുദ്ധ വികാരം വര്‍ദ്ധിപ്പിക്കാനും ഇടയാക്കി.
അമേരിക്കന്‍ വിരുദ്ധനയങ്ങളും, ഇറാന്റെ മികച്ച പിന്തുണയുമാണ് ഹമാസും ഹിസ്ബുള്ളയും അമേരിക്കയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍. പലതരത്തില്‍ ഇവരെ ദുര്‍ബലപ്പെടുത്താന്‍ അമേരിക്ക കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, ഹമാസിന്റെയും ഹിസ്ബുള്ളയുടെയും പ്രതിരോധശേഷി, മിഡില്‍ ഈസ്റ്റേണ്‍ രാഷ്ട്രീയത്തിലെ പങ്ക്, ഇറാന്റെ പൂര്‍ണ പിന്തുണ എന്നിവയൊക്കെ അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്.
സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുമ്പോള്‍ പ്രക്ഷുബ്ധമായ ഒരു പ്രദേശത്ത് സ്ഥിരതയ്ക്കും സമാധാനത്തിനും വേണ്ടി പരിശ്രമിക്കുന്ന സംഘങ്ങള്‍ക്കിടയിലേക്ക് യുദ്ധത്തിന്റെ അലമുറയിട്ട് വരുന്ന അമേരിക്കയ്‌ക്കെതിരെ പോര്‍വിളി മുഴക്കാന്‍ ഹമാസിനെക്കാള്‍ സൈനികശക്തിയുള്ള ഹിസ്ബുള്ളയ്ക്ക് കഴിയും. അതില്‍ ഇറാന്റെ നേരിട്ടുള്ള രംഗപ്രവേശനം കൂടിയായാല്‍ അമേരിക്ക ശരിക്കും ഉപരോധത്തിലാകും.
REPORT: ANURANJANA KRISHNA