ലോകത്തിലെ ഏറ്റവും വലിയ സൈനിക സമ്പദ്‌വ്യവസ്ഥയുള്ള രണ്ട് രാജ്യങ്ങളാണ് അമേരിക്കയും ചൈനയും. അതായത്, സദാ യുദ്ധ സജ്ജമായ രാജ്യങ്ങളുടെ മുന്‍നിരയിലാണ് അവര്‍. എന്നാല്‍ ഒരു തരത്തിലും പരസ്പരം യോജിക്കാന്‍ കഴിയാത്ത രണ്ടുകൂട്ടര്‍ തമ്മിലുള്ള ബന്ധം കഴിഞ്ഞ നൂറ്റാണ്ടില്‍ കൂടുതല്‍ വഷളായി, ഇപ്പോള്‍ അത് തീവ്രമായി. പരസ്പര ബന്ധത്തില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനിര്‍ത്തിപ്പോരുന്ന ഇരുകൂട്ടര്‍ക്കും ഒരിക്കലും ഒത്തുചേരാത്ത നയങ്ങളാണുള്ളത്.
നടക്കാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളകളില്‍ പലതവണയായി ചൈനയോടുള്ള വിരോധം മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനാണ് ട്രംപ് ശ്രമിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ചൈനയെ ഒരു വേട്ടക്കാരനായാണ് ട്രംപ് ചിത്രീകരിക്കുന്നത്. അവര്‍ക്കുമേല്‍ വിജയിച്ചു കഴിഞ്ഞാല്‍ ചൈനീസ് കമ്പനികളില്‍ നിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയുന്ന സാധനങ്ങളില്‍ ചുമത്താന്‍ ഉദ്ദേശിക്കുന്ന പുതിയ നികുതി നയങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസ് ഇതുവരെ ചൈനയെപ്പറ്റി ഒന്നും പരാമര്‍ശിച്ചിട്ടില്ല.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ചൈനയും അമേരിക്കയും തമ്മിലുള്ള ഈ പിരിമുറുക്കങ്ങള്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധമാരംഭിച്ചാല്‍ അതൊരുപക്ഷേ, ലോകത്തെത്തന്നെ പിടിച്ചുകുലുക്കാന്‍ ശേഷിയുള്ളതായിരിക്കും. കഴിഞ്ഞദിവസം തന്നെ പസഫിക് സമുദ്രത്തില്‍ ചൈന ഏറ്റവും പുതിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതേപ്പറ്റി ദക്ഷിണ ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത് മിസൈലിന്റെ ദൂരപരിധി പ്രവചിക്കാനായില്ലെങ്കിലും മിസൈലിന് അമേരിക്കന്‍ നഗരങ്ങളെ ലക്ഷ്യമിടാന്‍ ശേഷിയുണ്ടെന്നാണ്.
ഏറ്റവും വലിയ സൈനീക ശക്തിയെന്ന് അവകാശപ്പെടുന്ന അമേരിക്കയ്‌ക്കൊത്ത എതിരാളി തന്നെയാണ് എന്തുകൊണ്ടും ചൈന. സ്വന്തം വിജയത്തിന് യുഎസ് ജനതയുടെ ചൈനാ വിരോധം മുതലാക്കാന്‍ പലവേദികളിലും ട്രംപ് തന്റെ ചൈനീസ് വിദ്വേഷം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ വാഹന വ്യവസായത്തെ നശിപ്പിക്കുമെന്നതിനാല്‍ ചൈനീസ് നിര്‍മ്മിത കാറുകള്‍ വില്‍ക്കുന്നത് തടയുമെന്നും, യുഎസ് ഡോളറിനെ ലോകത്തിന്റെ കരുതല്‍ കറന്‍സിയായി മാറ്റാന്‍ ശ്രമിക്കരുതെന്നും ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ലോകം മുഴുവനായും വ്യാപിച്ച കൊവിഡ് മഹാമാരിക്കെതിരെയും ട്രംപ് ചൈനയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. നേരത്തെ ഇരു രാജ്യങ്ങളും കൊവിഡിനെച്ചൊല്ലി പരസ്പരം പഴിചാരിയിരുന്നു.ആഗോള സാമ്പത്തിക, സാങ്കേതിക ആധിപത്യത്തിനായി ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരമൊരു ശീതയുദ്ധം തന്നെ നടക്കുന്നുണ്ട്. കൂടാതെ ചൈന ഉയര്‍ത്തുന്ന ഭീഷണികള്‍, ചൈനയുടെ വളര്‍ച്ചയില്‍ മറ്റ് രാജ്യങ്ങള്‍ക്കുള്ള പ്രശ്നസാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി രൂപപ്പെടുത്തിയ അമേരിക്കയുടെ സാന്നിധ്യമുള്ള ഒരു ക്വാഡ് ഗ്രൂപ്പിനെ പറ്റിയും ഈ സാഹചര്യത്തില്‍ നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.
ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നിവ ചേരുന്ന ചതുര്‍രാഷ്ട്ര സഖ്യമാണ് ക്വാഡ്. ചൈനയുടെ നീക്കങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇവ എന്നുതന്നെ പറയാം. ചൈനയുടെ പല സമീപനങ്ങളിലും ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ഇവരില്‍ പലര്‍ക്കും ചൈനയോട് സമീപനം പലതരത്തിലായിരുന്നു. ഓസ്ട്രേലിയയാകട്ടെ പൂര്‍ണമായും ചൈനാ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ വിമുഖത കാണിച്ചിട്ടുണ്ട്. ചൈനാ വിരുദ്ധ നിലപാട് തുറന്ന് പ്രകടമാക്കുന്ന അമേരിക്കയുടെ ഇടപെടല്‍ മറ്റു രാഷ്ട്രങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അമേരിക്കയ്ക്ക് അധികം സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അതേസമയം ഒരു രാജ്യവും മറ്റുള്ളവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കരുതെന്നും, മത്സരങ്ങള്‍ ഉത്തരവാദിത്തബോധത്തോടെ ആയിരിക്കണമെന്നുമാണ് ചൈന ക്വാഡിന് നല്‍കിയ മുന്നറിയിപ്പ്. ക്വാഡ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചൈനയെ തന്ത്രപൂര്‍വം വളയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ക്വാഡ് എന്നും ചൈന ആരോപിക്കുകയും ചെയ്യുന്നു.
ക്വാഡ് സത്യത്തില്‍ ചൈനീസ് വിരുദ്ധ വികാരം പടര്‍ത്താന്‍ അമേരിക്ക ഉപയോഗിക്കുന്ന തന്ത്രമാണോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ സാങ്കല്‍പികശത്രുക്കളെ സൃഷ്ടിക്കുന്നത് അമേരിക്ക നിര്‍ത്തണമെന്ന് ചൈന നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. മറ്റു പലയിടങ്ങളിലും നടത്തുന്നത് പോലെ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടാന്‍ പോയാല്‍ അമേരിക്ക കടുത്ത പ്രത്യാഘാതം തന്നെ നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല.
നിലവില്‍ യുക്രെയ്നെ ചാവേറാക്കി റഷ്യയ്ക്ക് നേരെ അമേരിക്ക പടയൊരുക്കം നടത്തുന്നതുപോലെ ഒരു ഒളിപ്പോര് നടത്താന്‍ അമേരിക്ക ഒരിക്കലും ചൈനയുടെ നേരെ തിരിയാന്‍ സാധ്യത ഇല്ല. യുക്രെയിനെ പോലെ തന്നെ മറ്റൊരു രാജ്യത്തെ ചൈനയ്ക്ക് മുന്നിലിട്ട് കൊടുക്കാന്‍ അമേരിക്കയ്ക്ക് ഇനിയും ഇരകളെ കിട്ടുമെന്നുള്ളത് അമേരിക്കയുടെ അതിമോഹമായി മാറാനേ സാധ്യതയുള്ളൂ. ഇനിയും കുതന്ത്രങ്ങള്‍ അമേരിക്ക പയറ്റിയാല്‍ അതിന്റെ തിരിച്ചടികള്‍ ചൈന പോലുള്ള രാഷ്ട്രങ്ങളില്‍ നിന്നും കിട്ടുമെന്നതും യാഥാര്‍ത്ഥ്യമാണ്. അതൊരുപക്ഷേ അമേരിക്കയ്ക്ക് കനത്ത വെല്ലുവിളിയായിത്തന്നെ മാറുകയും ചെയ്യും.
Anuranjana Krishna
വീഡിയോ കാണാം