അമേരിക്കയുടെ അഭിമാനം റഷ്യൻ ആക്രമണത്തിൽ തവിടുപൊടി, ആയുധ വിപണിയെ ഉലച്ച ആക്രമണം

പോരാടുന്ന പരുന്ത് എന്ന് അമേരിക്ക അഭിമാനത്തോടെ ഊറ്റംകൊള്ളുന്ന ഈ പോർവിമാനം അമേരിക്കൻ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ കുന്തമുനയാണ്

അമേരിക്കയുടെ അഭിമാനം റഷ്യൻ ആക്രമണത്തിൽ തവിടുപൊടി, ആയുധ വിപണിയെ ഉലച്ച ആക്രമണം
അമേരിക്കയുടെ അഭിമാനം റഷ്യൻ ആക്രമണത്തിൽ തവിടുപൊടി, ആയുധ വിപണിയെ ഉലച്ച ആക്രമണം

യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ അമേരിക്കയ്ക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് വൻ പ്രഹരമാണ്. അമേരിക്കൻ നിർമ്മിത എഫ്-16 യുദ്ധവിമാനം റഷ്യൻ ആക്രമണത്തിൽ തകർന്നതായ റിപ്പോർട്ട് അമേരിക്കയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

അമേരിക്കൻ നിർമ്മിത അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമാണ് ഇത്. എഫ്16 ഫൈറ്റിങ് ഫാൽക്കൺ എന്നാണ് ഇത് അറിയപ്പെടുന്നത്. പോരാടുന്ന പരുന്ത് എന്ന് അമേരിക്ക അഭിമാനത്തോടെ ഊറ്റംകൊള്ളുന്ന ഈ പോർവിമാനം അമേരിക്കൻ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ കുന്തമുനയാണ്. ബാറ്റിൽ സ്റ്റാർ ഗലാക്റ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർ വേൾഡ് മിനി സിരീസിനുശേഷം വൈമാനികർ ഇതിനെ ‘വൈപർ’ (Viper) എന്നും വിളിക്കുന്നുണ്ട്.

F16 Fighting Falcon

ഭാരം കുറഞ്ഞ അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചെടുത്തത്. പിന്നീട് ഓരോ അവസരത്തിലും പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുകയാണ് ഉണ്ടായത്. എഫ്16 ന് കുറഞ്ഞ കാലത്തിനിടെ തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം തന്നെയാണ് ഇതിന്റെ പ്രത്യേകത. ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യതയോടെ ആക്രമണം നടത്താൻ കഴിയുന്ന ഈ പോർവിമാനത്തിനെ അത്ര എളുപ്പത്തിൽ ആർക്കും തന്നെ വെടിവെച്ചിടാൻ കഴിയുകയില്ല. അതുകൊണ്ട് തന്നെയാണ് റഷ്യൻ ആക്രമണത്തിൽ എഫ്16 ന്റെ നവീകരിച്ച മോഡൽ തകർന്നപ്പോൾ അമേരിക്ക മാത്രമല്ല ലോകരാജ്യങ്ങളും അന്തംവിട്ടിരിക്കുന്നത്. ഇതോടെ അമേരിക്കൻ പ്രതിരോധ കരുത്തിന്റെ പ്രധാന മുനയാണ് ത്രിശങ്കുവിലായിരിക്കുന്നത്.

വിദേശ വിപണിയിൽ ഏറ്റവും അധികം മാർക്കറ്റുള്ള ഈ യുദ്ധവിമാനത്തിന്റെ ഡിമാന്റും റഷ്യയുടെ പ്രഹരത്തോടെ ഇനി കുറയും. ഇത് അമേരിക്കയുടെ ആയുധവിപണിയേയും സാരമായാണ് ബാധിക്കുക. ഏറ്റവും ചുരുങ്ങിയത് 25 രാജ്യങ്ങളിലേക്ക് എഫ്16 കയറ്റുമതി ചെയ്തിട്ടുണ്ട്. പഴക്കംചെന്ന 300 മിഗ്21-ന് പകരം വയ്ക്കാനായി നേരത്തെ ഇന്ത്യയും എഫ്16 വാങ്ങാൻ നീക്കം നടത്തിയിരുന്നു. എന്നാൽ പിന്നീട് ഈ നീക്കം ഉപേക്ഷിച്ച ഇന്ത്യ ഫ്രാൻസിന്റെ റാഫെൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം കൂടിയാണ് എഫ് 16 ന്റെ തകർച്ചയോടെ ശരിയെന്ന് തെളിഞ്ഞിരിക്കുന്നത്.

F16

വാൾ സ്ട്രീറ്റ് ജേണലും, ബിബിസിയുമാണ്… എഫ് 16 റഷ്യൻ സൈന്യം തകർത്തിട്ട വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുക്രെയിനിലുടനീളം നടന്ന വൻ റഷ്യൻ മിസൈൽ ആക്രമണത്തിനിടയിലാണ് വിമാനം തകർന്നിരിക്കുന്നത്. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ഒലെക്‌സി മെസ് കൊല്ലപ്പെട്ടതായി യുക്രെയിൻ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

യുദ്ധവിമാനങ്ങൾക്കായി മാസങ്ങളായി യുക്രെയിൻ നടത്തിയ അഭ്യർത്ഥനയ്ക്ക് പിന്നാലെ കഴിഞ്ഞവർഷമാണ് എഫ്16 വിമാനങ്ങൾ അമേരിക്ക കൈമാറിയിരുന്നത്. വിമാനങ്ങൾ വിതരണം ചെയ്തതിന് ശേഷമുള്ള ആദ്യ നഷ്ടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ശത്രുസൈന്യത്തിന്റെ വെടിവയ്പ്പിലൂടെയല്ല പൈലറ്റിന്റെ പിഴവാണ് വിമാനം തകരാൻ കാരണമെന്നാണ് യുക്രെയിൻ അവകാശപ്പെടുന്നതെങ്കിലും അതല്ല യാഥാർത്ഥ്യമെന്നതാണ് പുറത്തുവരുന്ന വിവരം. റഷ്യൻ സൈന്യം അമേരിക്കയുടെ ആധുനിക വിമാനം തകർത്തെന്ന വാർത്ത പുറത്തുവരുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ഇത്തരമൊരു തെറ്റായ പ്രചരണം യുക്രെയിൻ സൈന്യം തന്നെ ഇപ്പോൾ നടത്തുന്നത്.

റഷ്യൻ ഡ്രോണുകളും മിസൈലുകളും തകർക്കാൻ അമേരിക്ക വാഗ്ദാനം ചെയ്ത 80 എഫ്16 വിമാനങ്ങളിൽ ആദ്യത്തേത് യുക്രെയ്‌നിൽ എത്തിയത് കഴിഞ്ഞ ആഗസ്റ്റ് 4 നാണ്. ആധുനിക പാശ്ചാത്യ വിമാനങ്ങൾ യുദ്ധക്കളത്തിൽ തങ്ങളുടെ സേനയ്ക്ക് മുൻതൂക്കം നൽകുമെന്നാണ് യുക്രെയിൻ പ്രതീക്ഷിച്ചിരുന്നത്. പ്രത്യേകിച്ച് റഷ്യൻ മിസൈലുകൾ വെടിവച്ചിടാനും മുൻനിരയിലുള്ള സൈനികരെ സംരക്ഷിക്കാനും ഇത് സഹായകമാകുമെന്നും അവർ കണക്കുകൂട്ടിയിരുന്നു. ഈ കണക്കുകൂട്ടലുകളാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.

പാട്രിയറ്റ്, നസാംസ് തുടങ്ങി… ഭൂതല-വിമാന മിസൈൽ സംവിധാനങ്ങൾക്കൊപ്പമാണ്, എഫ്-16 യുദ്ധവിമാനങ്ങൾ പ്രവർത്തിക്കുന്നത്. റഷ്യൻ ഗ്ലൈഡ് ബോംബുകൾക്കെതിരെ വലിയ പ്രതിരോധം തീർക്കുമെന്ന് അവകാശപ്പെട്ട ഈ യുദ്ധവിമാനങ്ങൾ പോപ്പ്-ഔട്ട് വിംഗ് കിറ്റുകളും, ഗൈഡൻസ് മൊഡ്യൂളുകളും ഘടിപ്പിച്ച ജെഡിഎഎം യുദ്ധോപകരണങ്ങൾ പോലെ കൃത്യമായ സ്‌ട്രൈക്ക് സ്റ്റാൻഡ്-ഓഫ് കഴിവുകൾ നൽകുന്നതിനുള്ള മാർഗനിർദേശങ്ങളും നൽകുന്നവ ആയാണ് വിലയിരുത്തപ്പെട്ടിരുന്നത്.

Russian Flag

ഇസ്രയേലിനെ സഹായിക്കാൻ അമേരിക്കൻ കപ്പൽപ്പടയ്‌ക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നതും പ്രധാനമായും എഫ്16 വിമാനങ്ങൾ ആയതിനാൽ റഷ്യ ആക്രമിച്ച് തകർത്തത് പശ്ചിമേഷ്യയിലെ അമേരിക്കൻ വിരുദ്ധർക്കും ആവേശമായിട്ടുണ്ട്. ഇസ്രയേലിന്റെയും അമേരിക്കയുടെയും മിസൈലുകളെ തകർക്കാനും തിരിച്ച് ആക്രമിക്കാനും ശേഷിയുള്ള നിരവധി റഷ്യൻ നിർമ്മിത ആയുധങ്ങൾ ഇതിനകം തന്നെ ഇറാന് റഷ്യ നൽകിയതായാണ് പുറത്തുവരുന്ന വിവരം.

ഹമാസ് മേധാവിയെ സ്വന്തം മണ്ണിൽ വധിച്ചതിലുള്ള പ്രതികാരം ഇറാൻ നീട്ടിവെച്ചെങ്കിലും അത് എപ്പോൾ വേണമെങ്കിലും ഉണ്ടാകുമെന്ന് തന്നെയാണ് അമേരിക്ക കരുതുന്നത്. അതുകൊണ്ടാണ് ഇസ്രയേലിനെ സഹായിക്കാൻ നിയോഗിച്ച കപ്പൽപ്പടയെ അവർ തിരിച്ച് വിളിക്കാതിരിക്കുന്നത്.

റഷ്യയുടെ ഭാഗത്ത് നിന്നും അനുകൂലമായ ഒരു സിഗ്നലിന് വേണ്ടിയാണ് ഇറാൻ കാത്തുനിൽക്കുന്നത് എന്നാണ് ഇസ്രയേലും കരുതുന്നത്. അതുകൊണ്ടുതന്നെ ബങ്കറുകൾ കേന്ദ്രീകരിച്ചുള്ള ഭരണമാണ് ഇസ്രയേലിലും നിലവിൽ നടക്കുന്നത്. തയ്യാറെടുത്ത് നടത്തുന്ന പ്രതികാരത്തിന് വൻ നാശനഷ്ടം സൃഷ്ടിക്കാൻ കഴിയുമെന്നതിനാൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജൻസികൾ ഇറാന്റെയും റഷ്യയുടെയും നീക്കങ്ങൾ സൂഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഉത്തരകൊറിയ നടത്തുന്ന പ്രകോപനങ്ങളും അമേരിക്കൻ ചേരിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

റഷ്യയിലേക്ക് അമേരിക്കൻ നിർദ്ദേശപ്രകാരം നുഴഞ്ഞുകയറിയ യുക്രെയിന്റെ ഏഴായിരത്തോളം സൈനികരെയാണ് റഷ്യ കൊന്നുകളഞ്ഞിരിക്കുന്നത്. അതിർത്തികടന്ന് നടത്തിയ ഈ സാഹസത്തിന് മറുപടിയായി യുക്രെയിൻ തലസ്ഥാനത്ത് ഉൾപ്പെടെ വൻ ആക്രമണമാണ് റഷ്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെയെല്ലാം യുദ്ധം ചെയ്യുന്നത് യുക്രെയിൻ സൈന്യമാണെങ്കിലും പരാജയപ്പെടുന്നത്… അമേരിക്കയുടെയും അവരുടെ സഖ്യ രാജ്യങ്ങളുടെയും ആയുധങ്ങൾ കൂടിയാണ്. അമേരിക്കൻ ചേരിയുടെ ആയുധങ്ങളുടെ മൂർച്ച പരിശോധിക്കാനുള്ള അവസരമായും യുക്രെയിൻ യുദ്ധത്തെ റഷ്യ ഇപ്പോൾ കാണുന്നുണ്ട്.

റഷ്യൻ സൈന്യത്തിലെ 10 ശതമാനം പേരെ പോലും അവർ യുക്രെയിനുമായുള്ള യുദ്ധത്തിൽ ഇറക്കിയിട്ടില്ല. മാരകമായ ആയുധങ്ങളും ഇതുവരെ റഷ്യ ഉപയോഗിച്ചിട്ടില്ല. സോവിയറ്റ് കാലഘട്ടം മുതൽ ആയുധപ്പുരകളിൽ കെട്ടിക്കിടക്കുന്ന പഴയ ആയുധങ്ങൾ ഉപയോഗിച്ച് തീർക്കുക എന്ന നിലയിലാണ് റഷ്യ ഈ യുദ്ധത്തെ സമീപിക്കുന്നത് എന്നാണ് വിദഗ്ധരുൾപ്പെടെ വിലയിരുത്തുന്നത്. അങ്ങനെ വിലയിരുത്താൻ പ്രധാന കാരണം റഷ്യ വിചാരിച്ചാൽ ദിവസങ്ങൾക്കുള്ളിൽ തീർക്കാൻ പറ്റുന്ന യുദ്ധമാണിത് എന്നത് തന്നെയാണ്.

Ukraine- Russian War

യുക്രെയിനും ഇസ്രയേലിനും ആയുധങ്ങൾ നൽകിയതോടെ അമേരിക്കയുടെ ആയുധക്കലവറ കാലിയായി തുടങ്ങിയിട്ടുണ്ടെങ്കിലും റഷ്യയുടെ അവസ്ഥ അതല്ല. സോവിയറ്റ് യൂണിയൻ പല കഷ്ണങ്ങളായി മാറിയെങ്കിലും സോവിയറ്റ് കാലത്തെ ആയുധങ്ങളിൽ മഹാഭൂരിപക്ഷവും റഷ്യയിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ലോകത്ത് ഇപ്പോഴും ഏറ്റവും അധികം ആണവായുധങ്ങൾ സൂക്ഷിക്കുന്ന രാജ്യവും റഷ്യയാണ്. സാത്താൻ എന്ന പേരിൽ അറിയപ്പെടുന്ന റഷ്യയുടെ ആണവ മിസൈലിനെ തടുക്കാൻ ശേഷിയുള്ള ഒരായുധവും ഇന്ന് ലോകത്ത് ലഭ്യവുമല്ല. അമേരിക്ക ഉൾപ്പെടെ ഭയക്കപ്പെടുന്നതും ഈ ഒറ്റ കാരണത്താലാണ്.

റഷ്യയ്ക്ക് എതിരായി… അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ വീണ്ടും യുക്രെയിനുമേൽ നിയന്ത്രണം കൊണ്ടുവരാൻ അമേരിക്കയെ പ്രേരിപ്പിച്ചിരിക്കുന്നതിന് പിന്നിലും ചില താൽപ്പര്യങ്ങൾ ഉണ്ട്. അത് അമേരിക്കൻ ചേരിയുടെ താൽപ്പര്യമാണ്. റഷ്യയുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ആഗ്രഹിക്കുന്നത്. തന്റെ രാജ്യത്ത് ഏത് രാജ്യത്തിന്റെ മുദ്രയുള്ള ആയുധം പതിച്ചാലും ആ രാജ്യത്തെ കടന്നാക്രമിക്കും എന്നാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

അതുകൊണ്ടാണ് യുദ്ധത്തിൽ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ യുക്രെയിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇപ്പോഴും അമേരിക്ക മാറ്റാതെയിരിക്കുന്നത്. അതിർത്തികടന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രെയിന് ആയുധങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും അത് റഷ്യൻ അതിർത്തിയിൽ ആക്രമണം നടത്താനുള്ളതല്ലെന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നയത്തിൽ മാറ്റമില്ലെന്നും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി യുക്രെയിനെ അറിയിച്ചിട്ടുണ്ട്.

Also read: റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയ്‌ന്റെ എഫ്-16 യുദ്ധവിമാനം തകര്‍ന്നു

”ഞങ്ങളുടെ നയം മാറിയിട്ടില്ല”എന്ന് തന്നെയാണ് പെന്റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡറും അവകാശപ്പെടുന്നത്. ആദ്യഘട്ടത്തിൽ തങ്ങൾ നൽകിയ ആയുധങ്ങൾ റഷ്യൻ അതിർത്തിയിലെ ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രയോഗിക്കാൻ യുക്രെയിന് ജർമ്മനിയും അമേരിക്കയും അനുവാദം നൽകിയിരുന്നു. ആക്രമണം ശക്തമായിരിക്കുന്ന യുക്രെയിനിലെ ഖാർക്കീവിനോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ റഷ്യ ആക്രമിച്ചാലോ ആക്രമിക്കാൻ തയ്യാറെടുത്താലോ ആയുധങ്ങൾ പ്രയോഗിക്കാം എന്നതായിരുന്നു അനുമതി. പക്ഷേ, അപ്പോഴും ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ യുക്രെയിന് അമേരിക്ക അനുമതി നൽകിയിരുന്നില്ല. എന്നാൽ, ഇതുപോലും റഷ്യയെ ചൊടിപ്പിക്കുകയും അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകുന്ന സാഹചര്യവും ഉണ്ടായിരുന്നു.

കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കും പുറമെ ധനസഹായമടക്കം യുക്രെയിന് നൽകിയിട്ടും തങ്ങൾ നേരിട്ട് സംഘർഷത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് അമേരിക്കയും സഖ്യകക്ഷികളും ന്യായീകരിച്ചിരുന്നത്. ഈ വാദമൊന്നും റഷ്യ എന്തായാലും മുഖവിലയ്‌ക്കെടുത്തിട്ടില്ല. യുക്രെയിനെ സഹായിക്കുന്തോറും അതിന്റെ പ്രത്യാഘാതം അമേരിക്കയും ഏറ്റുവാങ്ങേണ്ടി വരുമെന്നതാണ് റഷ്യയുടെ മുന്നറിയിപ്പ്.

Also read: നരനായാട്ട് അവസാനിപ്പാക്കാതെ ഇസ്രയേൽ

യുക്രെയിന് അമേരിക്കൻ ചേരി നൽകിയ അവശേഷിക്കുന്ന ആയുധങ്ങളും നശിപ്പിച്ച് കളയുക എന്നതാണ് റഷ്യൻ തന്ത്രം. അമേരിക്കൻ ആയുധങ്ങളുടെ പവർ ലോകത്തിന് മുന്നിൽ ഇടിച്ചുകാട്ടുന്നതോടൊപ്പം ഇറാനെ മുൻനിർത്തി പശ്ചിമേഷ്യയിൽ പുതിയ പോർമുഖം തുറക്കുക എന്നതും റഷ്യയുടെ സ്ട്രാറ്റർജിയാണ്.

റഷ്യയ്ക്കെതിരെയുള്ള യുക്രെയിന്റെ നീക്കത്തിൽ ആയുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളിൽ അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും എപ്പോൾ അയവുവരുത്തുന്നുവോ ആ നിമിഷം തന്നെ യുക്രെയിനിൽ റഷ്യ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും ഏറെയാണ്. ലോകം ഭയപ്പെടേണ്ട സാഹചര്യമാണത്.

EXPRESS VIEW

Top