അമേരിക്കയുടെ ഉപരോധം വിലപ്പോയില്ല, വിപണി തിരിച്ചുപിടിച്ച് റഷ്യ

റഷ്യന്‍ യുറേനിയത്തിന്റെ നഷ്ടം നികത്താന്‍ ആവശ്യമായ യുറേനിയം സ്വന്തമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുമോ എന്നതായിരുന്നു അമേരിക്ക നേരിടുന്ന വലിയ ചോദ്യങ്ങളിലൊന്ന്.

അമേരിക്കയുടെ ഉപരോധം വിലപ്പോയില്ല, വിപണി തിരിച്ചുപിടിച്ച് റഷ്യ
അമേരിക്കയുടെ ഉപരോധം വിലപ്പോയില്ല, വിപണി തിരിച്ചുപിടിച്ച് റഷ്യ

യുക്രെയിനിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വര്‍ഷിച്ച് ശക്തമായി റഷ്യ തിരിച്ചടിച്ചതോടെയാണ് റഷ്യയുടെ ആണവ ഇന്ധനത്തെ കുറിച്ച് വീണ്ടും ലോകരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. റഷ്യയില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് മെയ് 13 ന് ആണ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചത്. എന്നാല്‍ ആ നീക്കത്തിലൂടെ അമേരിക്കയുടെ ആണവശക്തിയില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടായത് എന്ന് തന്നെ പറയേണ്ടി വരും.

യുക്രെയിനില്‍ റഷ്യയുടെ സൈനിക ആക്രമണത്തിന് പിന്നാലെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ എണ്ണ ഉള്‍പ്പെടെയുള്ള റഷ്യന്‍ ആണവ ഇന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ, റഷ്യ ഇന്ത്യയെ പോലെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ വിലകുറച്ച് കൊടുത്ത് വിപണി തിരിച്ചുപിടിച്ചു. പക്ഷേ, റഷ്യയ്ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ വെട്ടിലായത് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായിരുന്നു.

joe biden

അമേരിക്കന്‍ റിയാക്ടര്‍ കപ്പലുകളുടെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ആവശ്യമായ ആണവ ഇന്ധനം ലഭിക്കാതായത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചു. റഷ്യയുടെ യുക്രെനിയന്‍ ആക്രമണത്തിന് മുമ്പ് അമേരിക്കയായിരുന്നു റഷ്യന്‍ ആണവ ഇന്ധനത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ ഇത്രയും ഭീമമായ തോതില്‍ യുറേനിയം മറ്റ് രാജ്യങ്ങളില്‍ നിന്നും ആവശ്യാനുസരണം ലഭിക്കാതായതോടെ സ്വന്തമായി യുറേനിയം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആമേരിക്ക ആരംഭിച്ചെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ല.

റഷ്യന്‍ യുറേനിയത്തിന്റെ നഷ്ടം നികത്താന്‍ ആവശ്യമായ യുറേനിയം സ്വന്തമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുമോ എന്നതായിരുന്നു അമേരിക്ക നേരിടുന്ന വലിയ ചോദ്യങ്ങളിലൊന്ന്. ഈ വര്‍ഷം ആദ്യം, മൂന്ന് യുറേനിയം ഖനികള്‍ അമേരിക്കയില്‍ ഉത്പാദനം ആരംഭിച്ചെങ്കിലും എട്ട് വര്‍ഷത്തിനുള്ളിലെ ആണവ ഇന്ധനം വേര്‍തിരിച്ചെടുക്കാനാകൂ എന്ന് ആണവ വിദഗ്ധര്‍ പറയുന്നു.

Russian Uranium

റഷ്യയെ ഉപരോധിക്കുന്നതിലും റഷ്യന്‍ ആണവ ഇന്ധനത്തെ ആശ്രയിക്കുന്നതില്‍ നിന്ന് പിന്മാറുന്നതിലും നിര്‍ണായകമായ ഒരു ചുവടുവെപ്പായാണ് അമേരിക്കയുടെ നടപടികളെ കാണുന്നതെങ്കിലും വ്യവസായത്തിന് അതൊരു വിലങ്ങുതടിയായി മാറി എന്നതാണ് സത്യം. അതേ സമയം റഷ്യന്‍ ആണവ ഇന്ധനത്തിന് പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ വിലക്ക് കല്‍പ്പിച്ചപ്പോള്‍ നേട്ടം റഷ്യക്കായിരുന്നു. തങ്ങളുടെ ഏറ്റവും വലിയ ആണവ ഇന്ധനത്തിന്റെ ഉപഭോക്താക്കളായി ഏഷ്യന്‍ രാജ്യങ്ങള്‍ മാറി.

എന്നാലിപ്പോള്‍ റഷ്യന്‍ ആണവ ഇന്ധനത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമായി ചൈന മാറിയിരിക്കുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനിടെ, റഷ്യയില്‍ നിന്ന് 849 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പുഷ്ട യുറേനിയം ചൈന വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.2 മടങ്ങ് വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ മാത്രം, അതിന്റെ ഇറക്കുമതി സെപ്റ്റംബറില്‍ നിന്ന് ഇരട്ടിയായി 216 ദശലക്ഷം ഡോളറിലെത്തി.

china

ദക്ഷിണ കൊറിയയും ഇതേ കാലയളവില്‍ തങ്ങളുടെ യുറേനിയം ഇറക്കുമതി 650 മില്യണ്‍ ഡോളറായി ഉയര്‍ത്തി. ഇതോടെ റഷ്യയില്‍ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായി ദക്ഷിണ കൊറിയ മാറി. കഴിഞ്ഞ വര്‍ഷം റഷ്യയുടെ പ്രധാന ഉപഭോക്താവായിരുന്ന അമേരിക്ക തങ്ങളുടെ ഇറക്കുമതി മൂന്നിലൊന്നായി കുറച്ചിരുന്നു. ഒമ്പത് മാസത്തിനുള്ളില്‍ 574 മില്യണ്‍ ഡോളര്‍ മൂല്യമുള്ള റഷ്യന്‍ ആണവ ഇന്ധനമാണ് അമേരിക്ക ഇറക്കുമതി ചെയ്തത്.

ഈ വര്‍ഷമാദ്യം, അമേരിക്ക റഷ്യയില്‍ നിന്നുള്ള യുറേനിയം വാങ്ങുന്നതിന് നിരോധനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും മറ്റ് മാര്‍ഗങ്ങള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ 2028 വരെ റഷ്യയില്‍ നിന്നുതന്നെ അമേരിക്ക യുറേനിയം ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അമേരിക്കയുടെ നിയന്ത്രണങ്ങള്‍ക്ക് മറുപടിയായി, റഷ്യ കഴിഞ്ഞയാഴ്ച അമേരിക്കയിലേയ്ക്കുള്ള സമ്പുഷ്ടമായ യുറേനിയം കയറ്റുമതി വെട്ടിചുരുക്കി. ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉല്‍പ്പാദകരാണ് റഷ്യ . ഇത് ആഗോള ശേഷിയുടെ പകുതിയോളം വരും. സമ്പുഷ്ടമായ യുറേനിയം വിപണിയില്‍ റഷ്യയുടെ പങ്ക് ഏകദേശം 40% ആണെന്ന് കണക്കാക്കപ്പെടുന്നു.

Vladimir Putin

വിദേശ നിര്‍മ്മിത ഉല്‍പ്പന്നങ്ങളിലേക്കുള്ള റഷ്യയുടെ പ്രവേശനം തടയാനുള്ള പാശ്ചാത്യ ശ്രമങ്ങള്‍ക്ക് മറുപടിയായി ആഗോള വിപണിയിലേക്കുള്ള യുറേനിയം ഉള്‍പ്പെടെയുള്ള ചില തന്ത്രപ്രധാനമായ അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി പരിമിതപ്പെടുത്താന്‍ പുടിന്‍ ഭരണകൂടത്തിനോട് നിര്‍ദ്ദേശിച്ചതായാണ് വിവരം. ഇപ്പോള്‍ യുക്രെയിനിലേയ്ക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ റഷ്യ തൊടുത്തുവിട്ടതോടെയാണ് റഷ്യയുടെ ആണവ ഇന്ധന സ്രോതസിനെക്കുറിച്ചും മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള ആണവ ഇന്ധന കയറ്റുമതിയെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Top