CMDRF

അമിത് മിശ്രയുടെ ആരോപണങ്ങള്‍ക്കിടെ വൈറലായി കോഹ്ലിയുടെ പഴയ വീഡിയോ

അമിത് മിശ്രയുടെ ആരോപണങ്ങള്‍ക്കിടെ വൈറലായി കോഹ്ലിയുടെ പഴയ വീഡിയോ
അമിത് മിശ്രയുടെ ആരോപണങ്ങള്‍ക്കിടെ വൈറലായി കോഹ്ലിയുടെ പഴയ വീഡിയോ

മുംബൈ: മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയുടെ ആരോപണങ്ങള്‍ക്കിടെ സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ വിരാട് കോഹ്ലിയുടെ പഴയ വീഡിയോ വൈറലാവുന്നു. പ്രശസ്തിയും അധികാരവും കോഹ്ലിയുടെ സ്വഭാവത്തെത്തന്നെ മാറ്റിയെന്നായിരുന്നു അമിത് മിശ്രയുടെ ആരോപണം. വിവാദമായതോടെ 2014ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമയത്തെ കോഹ്ലിയുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു.

നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും താരതമ്യം ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രശസ്തിയും അധികാരവും കോലിയുടെ സ്വഭാവത്തെയും ബാധിച്ചുവെന്ന് അമിത് മിശ്ര വെളിപ്പെടുത്തിയത്. രോഹിത്തുമായി പരിചയപ്പെട്ട കാലം മുതല്‍ ഒരേ രീതിയിലുള്ള ബന്ധമാണ് തനിക്കുള്ളത്. പ്രശസ്തിയും അധികാരവും വന്നുചേര്‍ന്നിട്ടുണ്ടെങ്കിലും രോഹിത് അന്നും ഇന്നും ഒരേയാള്‍ തന്നെയാണ്.

എന്നാല്‍ കോഹ്ലിയുമായുള്ള ബന്ധത്തില്‍ കാലാന്തരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു. പ്രശസ്തിയിലേക്കു വളരുകയും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുകയും ചെയ്തതോടെ അതെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും ബാധിച്ചു. രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ടീമില്‍ എല്ലാ താരങ്ങളുമായും നല്ല സൗഹൃദമുണ്ടെങ്കിലും കോഹ്ലിക്ക് സുഹൃത്തുക്കള്‍ കുറവാണെന്നും മിശ്ര പറഞ്ഞു. യുട്യൂബര്‍ ശുഭാംകര്‍ മിശ്രയുമായി സംസാരിക്കുമ്പോഴാണ് അമിത് മിശ്ര ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഇതിന് മറുപടിയെന്നോണമാണ് പത്ത് വര്‍ഷങ്ങള്‍ക്കുമുന്നെ വിരാട് കോഹ്ലി വീഡിയോയില്‍ പറഞ്ഞ കാര്യം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ‘ഞാനിവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. അല്ലാതെ ആരുടെയും ബഹുമാനം നേടാനല്ല. റണ്‍സ് നേടുന്നിടത്തോളം ഞാന്‍ സന്തുഷ്ടനാണ്. നിങ്ങള്‍ക്കിത് ഇഷ്ടമാണെങ്കില്‍ നല്ലത്’, എന്നായിരുന്നു വീഡിയോയില്‍ കോഹ്ലി പറഞ്ഞത്.’ആര് എന്ത് വിചാരിക്കുമെന്ന് ഞാന്‍ ശരിക്കും കാര്യമാക്കാറില്ല. എന്നെ ബഹുമാനിക്കുന്നുണ്ടോ ഞാന്‍ അവരെ ബഹുമാനിക്കുന്നുണ്ടോ എന്നും നോക്കാറില്ല. വളരെ ചിലരുമായി മാത്രം എനിക്ക് നല്ല സൗഹൃദമുണ്ട്. എന്നാല്‍ വായില്‍ വരുന്നതെന്തും പറയുന്ന ആളുകളെ ഞാന്‍ അത് ബഹുമാനിക്കുന്നില്ല’, അദ്ദേഹം വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

Top