CMDRF

ഗോയങ്ക-രാഹുല്‍ വിഷയം തുറന്നുപറഞ്ഞ് അമിത് മിശ്ര

ഗോയങ്ക-രാഹുല്‍ വിഷയം തുറന്നുപറഞ്ഞ് അമിത് മിശ്ര
ഗോയങ്ക-രാഹുല്‍ വിഷയം തുറന്നുപറഞ്ഞ് അമിത് മിശ്ര

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പിനിടെ ക്രിക്കറ്റ് ലോകത്ത് ഏറെ വിവാദം സൃഷ്ടിച്ച രംഗമായിരുന്നു സഞ്ജീവ് ഗോയങ്ക-കെ എല്‍ രാഹുല്‍ ചര്‍ച്ച. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ഡഗ്ഔട്ടില്‍ വെച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക ടീം ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇരുവരും തമ്മില്‍ സംസാരിച്ചതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലഖ്‌നൗ താരം അമിത് മിശ്ര.

സഞ്ജീവ് ഗോയങ്ക വളരെയധികം നിരാശനായിരുന്നു. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വളരെ മോശമായി പരാജയപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 90-100 റണ്‍സിന് പരാജയപ്പെട്ടു. പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 170 റണ്‍സിന്റെ വിജയലക്ഷ്യം 10 ഓവറില്‍ അവര്‍ മറികടന്നു. ഒരു പരിശീലന മത്സരംപോലെയാണ് സണ്‍റൈസേഴ്‌സ് ലഖ്‌നൗവിനെതിരെ കളിച്ചതെന്ന് തനിക്ക് തോന്നി. ഇത്രയധികം ദേഷ്യം തനിക്ക് തോന്നുന്നുവെങ്കില്‍ പണം മുടക്കുന്ന ടീം ഉടമയ്ക്ക് എത്രമാത്രം ദേഷ്യമുണ്ടാവണമെന്നും അമിത് മിശ്ര ചോദിച്ചു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ബൗളിംഗ് വളരെ മോശമായിരുന്നതായി ഗോയങ്ക പറഞ്ഞു. കുറച്ചെങ്കിലും പോരാട്ടവീര്യം കാണിക്കണം. ഈ മത്സരങ്ങള്‍ കണ്ടാല്‍ ലഖ്‌നൗ ടീം പൂര്‍ണമായും കീഴ്ടങ്ങിയതുപോലെ ആയിരുന്നുവെന്നും ഗോയങ്ക വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ഗോയങ്ക-രാഹുല്‍ വിഷയം കൂടുതല്‍ വിവാദമാക്കിയെന്നും അമിത് മിശ്ര ചൂണ്ടിക്കാട്ടി.

കെ എല്‍ രാഹുലിനെ ലഖ്‌നൗ ടീമില്‍ നിലനിര്‍ത്തുന്നതിലും മിശ്ര പ്രതികരണവുമായെത്തി. ഒരു താരത്തെയും നിലനിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒരാള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമെന്നതില്‍ കാര്യമില്ല. ഏതൊരു താരത്തിനും ട്വന്റി 20 ക്രിക്കറ്റിന്റെ ശൈലി ഉണ്ടായിരിക്കണം. അങ്ങനെയൊരാള്‍ ടീമിന്റെ ക്യാപ്റ്റനാവണം. തീര്‍ച്ചയായും ലഖ്‌നൗ മികച്ചയൊരു ക്യാപ്റ്റനെ നോക്കുമെന്നത് തനിക്ക് ഉറപ്പാണെന്ന് അമിത് മിശ്ര വ്യക്തമാക്കി

Top