ഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്തുന്നതിനായി വീണ്ടും യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് 12 മണിക്ക് ഡല്‍ഹിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താന്‍ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തില്‍ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
Also Read: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞും പുകയും; നാളെ ഓറഞ്ച് അലര്‍ട്ട്
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം മാറ്റി വച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ തന്നെ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നത്. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും, വാധ്രയിലും നടത്തേണ്ടിയിരുന്ന റാലികള്‍ റദ്ദാക്കി രാജ്യ തലസ്ഥാനത്തെത്തിയ അമിത് ഷാ ഡല്‍ഹിയില്‍ തുടരും. ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടികാഴ്ചകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സി ആര്‍ പി എഫ് ഡിജി മണിപ്പൂരിലെത്താന്‍ തീരുമാനിച്ചു. കൂടുതല്‍ കേന്ദ്രസേനയെ സംഘര്‍ഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിട്ടുമുണ്ട്.