CMDRF

ക്രമസമാധാന പാലനം ജമ്മുകശ്മീര്‍ പൊലീസിനെ പൂര്‍ണമായും ഏല്‍പ്പിക്കും, സൈന്യത്തെ പിന്‍വലിക്കാന്‍ ആലോചിക്കുന്നു: അമിത് ഷാ

ഡല്‍ഹി: ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അമിത് ഷാ. ക്രമസമാധാന പാലനം ജമ്മുകശ്മീര്‍ പൊലീസിനെ പൂര്‍ണമായും ഏല്‍പ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കുന്നതും പരിഗണനയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുന്‍പ് നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

”സൈനികരെ പിന്‍വലിക്കാനും ക്രമസമാധാനപാലനം ജമ്മു കശ്മീര്‍ പൊലീസിനെ മാത്രം ഏല്‍പ്പിക്കാനും ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ ജമ്മു കശ്മീര്‍ പൊലീസില്‍ വിശ്വാസമില്ലായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. അഫ്സ്പ പിന്‍വലിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കും, അദ്ദേഹം പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈന്യത്തിന് സവിശേഷ അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ. ക്രമസമാധാന പാലനത്തിനായി വേണ്ടിവന്നാല്‍ പരിശോധനകള്‍ നടത്താനും, അറസ്റ്റുചെയ്യാനും, വെടിയുതിര്‍ക്കാനുമടക്കമുള്ള അവകാശങ്ങള്‍ സൈന്യത്തിന് നല്‍കുന്ന നിയമമാണിത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എഴുപത് ശതമാനത്തോളം പ്രദേശങ്ങളില്‍ അഫ്‌സ്പ നിയമം റദ്ദാക്കിയതായും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top