റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തുന്നപക്ഷം മാടി, ബേട്ടി, റൊട്ടി (ഭൂമി, മകള്‍, ഭക്ഷണം) എന്നിവയ്ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അനധികൃത അതിര്‍ത്തി കടക്കല്‍ തടയുന്ന ബി.ജെ.പി. യെ വേണോ അതോ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന ജെ.എം.എമ്മിനെ വേണോ എന്ന് ഝാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടമായാണ് ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23-നാണ് വോട്ടെണ്ണല്‍.
ALSO READ: യോഗി ആദിത്യനാഥിനെതിരെ വധഭീഷണി
നുഴഞ്ഞുകയറ്റക്കാര്‍ പെണ്‍മക്കളെ വശീകരിച്ച് വിവാഹം ചെയ്യുന്നതിനാല്‍ ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അമിത് ഷാ ആരോപണം നടത്തി. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഝാര്‍ഖണ്ഡിന്റെ സംസ്‌കാരം, തൊഴില്‍, ഭൂമി, പെണ്‍മക്കള്‍ എന്നിവയൊന്നും ഇവിടെ സുരക്ഷിതമായിരിക്കില്ല എന്ന് അമിത് ഷാ പറയുകയുണ്ടായി. ഒരു പ്രതേക വിഭാഗത്തോട് വിമുഖത കാണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.