നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ ടീസര്‍ അനാച്ഛാദനം ചെയ്തു. ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡീ-ഏജിംഗ് ടെക്‌നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ വേഷവും ടീസറില്‍ കാണാം. മധ്യപ്രദേശിലെ നേമാവര്‍ എന്ന സ്ഥലത്തുവച്ചാണ് ടീസര്‍ അനാച്ഛാദനം ചെയ്തത്.
‘അശ്വത്ഥാമാ’ എന്ന കഥാപാത്രമായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ എത്തുന്നത്. മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ അശ്വത്ഥാമാവ് ഇന്നും മധ്യപ്രദേശിലെ നേമാവറില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് വിശ്വാസം. അതിനാലാണ് ബച്ചന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ അതേ സ്ഥലം തിരഞ്ഞെടുത്തത്. ഇത്തരമൊരു വേഷം അവതരിപ്പിക്കാനായതിന്റെ സന്തോഷം അമിതാഭ് ബച്ചനും ട്വിറ്ററിലൂടെ പങ്കുവച്ചു. ചിത്രത്തില്‍ നായകനായെത്തുന്ന പ്രഭാസ് ‘ഭൈരവ’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രഭാസിനെയും ബച്ചനെയും കൂടാത, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ സയന്‍സ് ഫിക്ഷന്‍ ഫാന്റസി എന്ന ലേബലിലാണ് ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് നിര്‍മ്മാണം.
തമിഴില്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.
Introducing characters with dialogue snippets is a much better idea than regular posters.. #Kalki2898AD pic.twitter.com/NC4011AoHU
— Krishna (@The_Tribbiani) April 21, 2024