തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത്‌ മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാലു പേർക്കാണ് തിരുവനന്തപുരത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണം. കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും നിർദേശമുണ്ട്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന ‘ബ്രെയിന്‍ ഈറ്റര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മനുഷ്യരുടെ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കേന്ദ്രനാഡീ വ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന അത്യന്തം മാരകമായ അവസ്ഥയാണ് ഇത്. പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അത്യപൂർവ്വ രോഗം. ഇത് ബാധിക്കുമ്പോൾ തലച്ചോറില്‍ വീക്കമുണ്ടാകുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക. എന്നാൽ സാധാരണ പനി എന്ന നിലയിലാണ് പലരും ഇതിന് ചികിത്സ തേടുക. രോഗം ഗുരുതരമാകുമ്പോൾ തലച്ചോറില്‍ അണുബാധ കൂടുതലാകും. തുടര്‍ന്ന് അപസ്മാരം, ഓര്‍മ നഷ്ടമാകല്‍, ബോധക്ഷയം തുടങ്ങിയ ഉണ്ടാകും.

ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്ന 10 ലക്ഷത്തോളം പേരില്‍ 2.6 പേരില്‍ മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്.

Top