കണ്ണൂർ : പരിയാരം – കടന്നപ്പള്ളി കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച പരിയാരം തിരുവട്ടൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്കജ്വരം. ഇതേ തുടർന്ന് ഇവിടേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്. ജില്ലാ മെഡിക്കൽ ഓഫിസർ (ഡി.എം.ഒ) ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് പ്രവേശനം നിരോധിച്ചത്. ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘം വെള്ളച്ചാട്ടം സന്ദർശിച്ച് പരിശോധന നടത്തും. കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്ക് ഇന്നലെയാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ നിർദേശം നൽകിയിട്ടുണ്ട്.
ആദ്യം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ അഡി. ഡി.എം.ഒ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽനിന്ന് തന്നെയാണോ കുട്ടിക്ക് അസുഖം ബാധിച്ചത് എന്നറിയാൻ വെള്ളച്ചാട്ടത്തിലെയും വീട്ടിലെയും വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സാമ്പിൾ പൂനെയിലെ ലാബിലേക്കും അയച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും ജില്ലയിൽ സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ. കാലവർഷത്തിൽ ചുറ്റും വെള്ളക്കെട്ടുള്ള ഈ സമയത്ത് കൂട്ടികളെ വെള്ളക്കെട്ടിൽ കുളിക്കാനോ കളിക്കാനോ വിടരുതെന്നും മുന്നറിയിപ്പു നൽകി. കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണു പ്രധാനമായും ശരീരത്തിൽ കയറുന്നത്. അതിനാലാണ് വെള്ളക്കെട്ടിൽ നിന്നു കുട്ടികളെ അകറ്റണമെന്നു നിർദേശിക്കുന്നതെന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.കെ സുദീപ് പറഞ്ഞു.