തിരുവനന്തപുരം: അപൂർവ്വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പേരൂർക്കട മണ്ണാമൂല സ്വദേശി നിജിത്തിനെ (39) ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് നിജിത്തിന് രോഗം സ്ഥിരീകരിച്ചത്. എന്നാൽ അബോധാവസ്ഥയിലാണ് ബന്ധുക്കൾ നിജിത്തിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും ഈ രോഗം ബാധിച്ച പുതിയ രോഗികളില്ലാത്തത് ആശ്വാസമായി. നിരീക്ഷണത്തിലുള്ളവരുടെ ആദ്യഫലങ്ങൾ നെഗറ്റീവായിരുന്നു. കൂടാതെ ഇവർക്ക് ലക്ഷണങ്ങൾ കുറഞ്ഞുവരുന്നതിനാൽ വൈറസ് ബാധയില്ലെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. തലസ്ഥാനത്ത് ആദ്യം രോഗം ബാധിച്ച് നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് സ്വദേശി അഖിൽ (27) ജൂലായ് 23ന് മരിച്ചതോടെയാണ് ആശങ്ക ശക്തമായത്. തുടർന്ന് അഖിലിന്റെ സുഹൃത്തുക്കളായ അഞ്ചുപേർക്ക് കൂടി രോഗം ബാധിച്ചു. അസുഖ ബാധിതർ വർദ്ധിച്ചതോടെ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരുന്നു ചികിത്സ. നിലവിൽ ചികിത്സയിലുള്ള എല്ലാവരും അപകടനില തരണം ചെയ്തു. നിരീക്ഷണത്തിലുള്ള രണ്ടുപേർ മാത്രമാണിപ്പോൾ ആശുപത്രിയിൽ തുടരുകയാണ്. രോഗികൾക്ക് നൽകുന്നത്, ജർമനിയിൽ നിന്നെത്തിച്ച മരുന്നുൾപ്പെടയുള്ള സംയുക്തമാണ്.