അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നതായി ആരോഗ്യ വകുപ്പ്

അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നതായി ആരോഗ്യ വകുപ്പ്
അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ്. നിലവിൽ എട്ടുപേരാണ് ചികിത്സയിലുള്ളത്. അതേസമയം, രോഗബാധ ആദ്യം സ്ഥിരീകരിച്ച നെല്ലിമൂട്ടിലെ കുളത്തിൽ നിന്നെടുത്ത സാമ്പിളിന്റെ പരിശോധനാ ഫലം വൈകുമെന്നാണ് വിവരം. സംസ്ഥാനത്ത് ആദ്യഘട്ടങ്ങളിൽ റിപ്പോർട്ട് ചെയ്ത അമീബിക് മസ്തിഷ്ക ജ്വര കേസുകളെല്ലാം കുട്ടികളിലായിരുന്നു.

ആദ്യമായി മുതിർന്നവരിൽ രോഗം കണ്ടെത്തിയതും തലസ്ഥാനത്തായിരുന്നു. കഴി‌ഞ്ഞമാസം 23ന് മരിച്ച നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശി അഖിലാണ് (27) ആദ്യരോഗി. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ അഞ്ചുപേർക്ക് കൂടി രോഗം ബാധിച്ചു. മരിച്ചയാളും സുഹൃത്തുക്കളും പ്രദേശത്തെ കാവിൻകുളത്തിൽ കുളിച്ചവരായിരുന്നു. പിന്നാലെ പേരൂർക്കട, കണ്ണറവിള സ്വദേശികൾക്കും രോഗബാധയുണ്ടായി. ഇതിനുപിന്നാലെയാണ് നാവായിക്കുളം സ്വദേശിയായ ശരണ്യയ്ക്ക് (24) രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ത്രീയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ശരണ്യയുടെ സ്രവ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. അടുത്തിടെ ഇവർ തോട്ടിൽ കുളിച്ചതായി ആരോഗ്യപ്രവർത്തകരോട് പറഞ്ഞു. ലക്ഷണങ്ങളുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ഇവരെ പേ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ജർമനിയിൽ നിന്നെത്തിച്ച മരുന്നുൾപ്പെടെയുള്ള സംയുക്തമാണ് രോഗികൾക്ക് നൽകുന്നത്.

കുളം, തോട് തുടങ്ങിയ ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാൽ ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.

Top