അമീബിക് മസ്തിഷ്‌കജ്വരം; ജലസ്രോതസ്സുകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

അമീബിക് മസ്തിഷ്‌കജ്വരം; ജലസ്രോതസ്സുകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
അമീബിക് മസ്തിഷ്‌കജ്വരം; ജലസ്രോതസ്സുകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വാട്ടര്‍ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലും രോഗാണു സാന്നിധ്യം കരുതിയിരിക്കണമെന്ന് മൈക്രോ ബയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്. അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടോ എന്നും വകഭേദങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്നും വിശദപഠനം വേണമെന്ന ആവശ്യവും ശക്തമാണ്.

തിരുവനന്തപുരത്ത് ഉള്‍പ്പെടെ കൂടുതല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജലസ്രോതസ്സുകളില്‍ പൊതുവായ ജാഗ്രത വേണ്ടിവരുമെന്നാണ് ആരോഗ്യവിദ്ഗദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നെല്ലിമൂടില്‍ കുളത്തിലും പേരൂര്‍ക്കടയില്‍ കിണറിലും നവായിക്കുളത്ത് തോട്ടിലുമാണ് രോഗാണുവിന്റെ സാന്നിധ്യമുണ്ടായിരുന്നത്. എല്ലാ വെള്ളത്തിലും അമീബയുടെ സാന്നിധ്യമുണ്ടാകും.

രോഗകാരണമാകുന്ന അമീബ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുക മാത്രമാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗം. കടുത്ത വേനലില്‍ തീരെ വെള്ളം കുറഞ്ഞ അവസ്ഥയില്‍ ജലസ്രോതസ്സുകളുടെ അടിത്തട്ടില്‍ അമീബ സാന്നിധ്യം പെരുകിയിട്ടുണ്ടാകാമെന്നാണ് മൈക്രോ ബയോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വെള്ളം കൂടിയപ്പോള്‍ കലങ്ങി ചേര്‍ന്ന് മേല്‍തട്ടിലേക്ക് അമീബ എത്താം. ഇതിനാല്‍ തന്നെ വാട്ടര്‍ ടാങ്കുകളിലും സ്വിമ്മിംഗ് പൂളുകളിലുമൊക്കെ രോഗാണു സാന്നിധ്യം കരുതിയിരിക്കണം എന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ലാബില്‍ പരിശോധിച്ച അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ഒരു വകഭേദവും കണ്ടെത്തിയിരുന്നു. കുടൂതല്‍ വകഭേദങ്ങള്‍ രോഗകാരണമാകുന്നുണ്ടോ, അമീബ പെരുകിയിട്ടുണ്ടോ തുടങ്ങിയവ കാര്യങ്ങളില്‍ വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകത്ത് തന്നെ 200ല്‍ താഴെ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുളളത്. അതില്‍ 17 കേസുകള്‍ കേരളത്തില്‍. ഇതുവരെ ലോകത്ത് ജീവനോടെ രക്ഷപ്പെട്ട 11 പേരില്‍ രണ്ട് പേര്‍ കേരളത്തില്‍ നിന്നാണ്.

തിരുവനന്തപുരത്ത് ആദ്യം രോഗം സ്ഥിരീകരിച്ചയാള്‍ മരിച്ചു. എന്നാല്‍, തുടര്‍കേസുകള്‍ വേഗത്തില്‍ കണ്ടെത്താനായതും, ചികിത്സ തുടങ്ങനായതും നേട്ടമാണ്. ഐസിഎംആര്‍ സംസ്ഥാനത്ത് പഠനം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെയും അതിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നാണ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ നല്‍കുന്ന വിവരം. ഒരാഴ്ചയ്ക്കള്ളില്‍ ഐസിഎംആര്‍ സംഘം ഫീല്‍ഡ് വിസിറ്റ് നടത്തുമെന്നാണ് നിലവില്‍ ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Top