CMDRF

അമീബിക് മസ്തിഷ്കജ്വരം; കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്ക് അണുബാധയെന്ന് കണ്ടെത്തൽ

അമീബിക് മസ്തിഷ്കജ്വരം; കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്ക് അണുബാധയെന്ന്  കണ്ടെത്തൽ
അമീബിക് മസ്തിഷ്കജ്വരം; കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്ക് അണുബാധയെന്ന്  കണ്ടെത്തൽ

തിരുവനന്തപുരം: അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് മസ്തിഷ്കജ്വരം പടർന്നതെന്ന്ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്. നെയ്യാറ്റിൻകര കണ്ണറവിള ഭാഗത്താണ് രോഗം പടരുന്നത്. കാവിൻകുളത്തിലെ വെള്ളത്തിൽ ലഹരിചേർത്ത് പപ്പായത്തണ്ടുപയോഗിച്ച് മൂക്കിലൂടെ വലിച്ചതായാണ് ആരോഗ്യവിഭാഗം വെളിപ്പെടുത്തുന്നത്. ഈ ശീലമുള്ളവരെ നിരീക്ഷിച്ചാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തിയതെന്ന് കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇവർക്ക് തലവേദന, കഴുത്തിനുപിന്നിൽ വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായപ്പോൾ നട്ടെല്ലിലെ സ്രവ സാംപിളുകൾ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, പേരൂർക്കട സ്വദേശിക്ക്‌ എവിടെനിന്നാണ് രോഗബാധയുണ്ടായതെന്നു കണ്ടെത്താനായിട്ടില്ല. നിലവിൽ രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. തുടർ പരിശോധനക്കായി ആരോഗ്യവകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും നിരീക്ഷണത്തിലുള്ളവർ സഹകരിക്കുന്നില്ല. നെയ്യാറ്റിൻകരയിലെ കാവിൻകുളം ക്ലോറിനേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവിഭാഗം.

കുളത്തിലെ വെള്ളത്തിന്റെ സാംപിളുകൾ തുടർച്ചയായി പരിശോധിക്കുന്നുണ്ട്. മലിനജലം ഉപയോഗിച്ച് പൊടിയോ പുകയിലയോ ശ്വസിച്ചവരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നഗരപരിധിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കുന്നതിനു വിലക്ക്. രോഗത്തിന്റെ തീവ്രത സംബന്ധിച്ച് ജനങ്ങൾക്കു ബോധവത്കരണം നൽകുന്നതിനൊപ്പം ജല സ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കുന്നതിലും ശ്രദ്ധവേണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

മെഡിക്കൽ കോളേജ് കാംപസിലെ ഉറവകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് കാംപസിലെ വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കരുതെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നിർദേശം നൽകിയിരിക്കുന്നത്. മേൽപ്പാലത്തിനു താഴെയുള്ള ഭാഗത്തെ വെള്ളക്കെട്ടിൽ രോഗികളുടെ കൂട്ടിരിപ്പുകാർ വസ്ത്രങ്ങൾ അലക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയന്ത്രണമെന്ന് പ്രിൻ സിപ്പൽ ലിനറ്റ് ജെ.മോറിസ് പറഞ്ഞു. പേരൂർക്കട സ്വദേശിക്കു രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കുളിക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കരുതെന്നും പ്രിൻസിപ്പൽ നിർദേശിച്ചു.

Top