കാലിഫോർണിയ: പല വലിപ്പത്തിലുള്ള ഛിന്നഗ്രഹങ്ങളാണ് ഭൂമിക്കരികിലൂടെ പാഞ്ഞടുക്കുന്നത്. ഇപ്പോഴിതാ ഒരു വിമാനത്തിൻറെ വലിപ്പമുള്ള ഛിന്നഗ്രഹം നവംബർ 21ന് ഭൂമിക്ക് വളരെ അരികിലെത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാസ. ‘2010 ഡബ്ല്യൂസി’ എന്നാണ് ഈ കൂറ്റൻ ഛിന്നഗ്രഹത്തിൻറെ പേര്.
ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ 4,59000 മൈലായിരിക്കും ഈ ഛിന്നഗ്രഹത്തിൻറെ അകലം. അതിനാൽ തന്നെ ഈ ഛിന്നഗ്രഹം ഭൂമിക്ക് വലിയ ഭീഷണിയാവില്ല എന്നാണ് നാസയുടെ ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററി പറയുന്നത്. അതേസമയം മറ്റ് രണ്ട് ഛിന്നഗ്രഹങ്ങൾ ഇന്ന് ഭൂമിക്ക് അരികിലെത്തുമെന്നും നാസയുടെ മുന്നറിയിപ്പുണ്ട്. ബസിന്റെ വലിപ്പത്തിൽ 35 അടി വ്യാസമുള്ള ‘2020 വിഎക്‌സ്4’ ഛിന്നഗ്രഹമാണ് ഭൂമിക്കരികിലെത്തുന്നത്.
Also Read: സുനിത വില്യംസിനും ബുച്ച് വില്‍മോറിനും കഴിക്കാന്‍ ‘ഫ്രഷ് ഫുഡില്ല’
എന്നാൽ ഇത് ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 2,510,000 മൈൽ അകലെയായിരിക്കുമെന്നതിനാൽ പേടിക്കേണ്ട. 140 അടി വ്യാസമുള്ള മറ്റൊരു ഛിന്നഗ്രഹമായ ‘യുഡബ്ല്യൂ9’ ഉം ഭൂമിക്ക് സുരക്ഷിതമായ അകലത്തിലൂടെ കടന്നുപോകും. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ പോലും 3,210,000 മൈൽ അകലമുണ്ടായിരിക്കും ഇതിന്. അതുകൊണ്ട് തന്നെ ഈ ഛിന്നഗ്രഹത്തെയും ഭയക്കേണ്ടതില്ല.