യുക്രെയ്‌നിലെ ആണവ നിലയത്തില്‍ ആക്രമണം

യുക്രെയ്‌നിലെ ആണവ നിലയത്തില്‍ ആക്രമണം
യുക്രെയ്‌നിലെ ആണവ നിലയത്തില്‍ ആക്രമണം

കിയവ്: റഷ്യ – യുക്രെയ്ന്‍ കൂടുതല്‍ രൂക്ഷമാകവെ, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ യുക്രെയ്‌നിലെ സപോറീഷ്യയില്‍ ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സപോറീഷ്യ ആണവ നിലയില്‍ തീപിടിത്തമുണ്ടായി. ഒന്നിലധികം സ്‌ഫോടനങ്ങളെത്തുടര്‍ന്ന് സപോറീഷ്യയിലെ കൂളിങ് ടവര്‍ തകരുകയും പ്ലാന്റിന്റെ വടക്കന്‍ ഭാഗത്തുനിന്ന് ഇരുണ്ട പുക ഉയരുകയും ചെയ്തു.

ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പ് ആകമാനം ആശങ്കയിലായിരിക്കുകയാണ്. പ്ലാന്റിന് ചുറ്റും റേഡിയേഷന്‍ ഉണ്ടായിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവര്‍ണര്‍ യെവ്‌ജെനി ബാലിറ്റ്‌സ്‌കി അറിയിച്ചു. ആണവ നിലയത്തില്‍ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയ്ന്‍ ആരോപിച്ചു. എന്നാല്‍, തങ്ങളല്ല യുക്രെയ്ന്‍ തന്നെയാണ് ആക്രണം നടത്തിയതെന്ന് റഷ്യയും കുറ്റപ്പെടുത്തി.

2022 മുതല്‍ റഷ്യയുടെ അധീനതയിലാണ് ഇവിടം. രണ്ട് വര്‍ഷത്തിലേറെയായി ഇവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നില്ല. യുക്രെയ്‌നിലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തേക്കാള്‍ പതിന്മടങ്ങ് നശീകരണമാകും സപോറീഷ്യക്ക് ഗുരുതര കേടുപാടുകള്‍ സംഭവിച്ചാല്‍ ഉണ്ടാകുക.

അതേസമയം, കഴിഞ്ഞ ദിവസം യുക്രെയ്ന്‍ തലസ്ഥാനമായ കിയവിന്റെ പ്രാന്തപ്രദേശമായ ബ്രോവറി ജില്ലയിലെ ജനവാസ മേഖലയില്‍ റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കിയവ് ലക്ഷ്യമിട്ട് ഈ മാസം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് കിയവ് സിറ്റി സൈനിക ഭരണ മേധാവി സെര്‍ഹി പോപ്കോ പറഞ്ഞു. റഷ്യയിലെ കുര്‍സ്‌കില്‍ യുക്രെയ്ന്‍ നടത്തിയ കനത്ത ആക്രമണത്തിന്റെ തിരിച്ചടിയാണിതെന്ന് സംശയിക്കുന്നു.

Top