കോഴിക്കോട്: വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന പാലം പുതുക്കിപ്പണിയാതെ കൈവരി മാത്രം നിർമ്മിക്കാനുളള ശ്രമം നാട്ടുകാർ തടഞ്ഞു. പൊതുമാരാമത്ത് വകുപ്പ് ജീവനക്കാരെയാണ് നാട്ടുകാർ കൂട്ടം ചേർന്ന് തടഞ്ഞത്.
വളരെ ബലക്ഷയം വന്ന പാലം പുതുക്കി പണിയണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം. ഈ പാലത്തിൻ്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു. അതേസമയം പുതുക്കിപ്പണിയാതിരുന്നതോടെ നാട്ടുകാരാണ് കല്ലുകളിട്ട് നടക്കാൻ പാകത്തിലാക്കിയത്. നിലവിൽ ശക്തമായ മഴ വന്നാൽ ഈ ഭാഗം ഒലിച്ച് പോകുമെന്ന സ്ഥിതിയാണ്. എന്നാൽ പാലം പുതുക്കിപ്പണിയാതെ കൈവരി മാത്രം വെച്ചിട്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം.