CMDRF

ഓസ്‌ട്രേലിയൻ സംവിധായകനെ ചെന്നൈയിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചു

കൂടംകുളത്ത് ആണവനിലയത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തെപ്പറ്റി ഡോക്യുമെന്ററിയെടുത്തതായിരിക്കാം ഇതിന് കാരണമെന്ന് സംവിധായകൻ

ഓസ്‌ട്രേലിയൻ സംവിധായകനെ ചെന്നൈയിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചു
ഓസ്‌ട്രേലിയൻ സംവിധായകനെ ചെന്നൈയിൽ വച്ച് തടഞ്ഞ് തിരിച്ചയച്ചു

ചെന്നൈ: മക്കളുടെ കൂടെ ഇന്ത്യ സന്ദർശിക്കാനെത്തിയ ഓസ്‌ട്രേലിയൻ ചലച്ചിത്രസംവിധായകനെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തിരിച്ചയച്ചു. ഡേവിഡ് ബ്രാഡ്ബറിയെയാണ് തിരിച്ചയച്ചത്. കൂടംകുളത്ത് ആണവനിലയത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തെപ്പറ്റി ഡോക്യുമെന്ററിയെടുത്തതായിരിക്കാം ഇതിന് കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഈമാസം 11-നുണ്ടായ സംഭവത്തെക്കുറിച്ച് കഴിഞ്ഞദിവസമാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.

മുംബൈ ചലച്ചിത്രമേളയുടെ ജൂറിയായി 2012-ൽ ഇന്ത്യയിലെത്തിയ ബ്രാഡ്ബറി തമിഴ്‌നാട്ടിലെത്തി കൂടംകുളം സന്ദർശിച്ചിരുന്നു. അവിടെ ആണവനിലയത്തിനെതിരേ നാട്ടുകാർ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് പഠിക്കുകയും അത് ചിത്രീകരിച്ച് ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതായിരിക്കും ഇന്ത്യയിലെ അധികൃതരെ പ്രകോപിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സന്ദർശനാനുമതി നിഷേധിച്ചതിനുള്ള കാരണം ഇമിഗ്രേഷൻ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ALSO READ: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

തായ്‌ലാൻഡ് സന്ദർശനത്തിനുശേഷമായിരുന്നു ഇന്ത്യയിലേക്കുള്ള വരവ്. തമിഴ്‌നാടിനുപുറമേ കേരളത്തിലും വാരാണസിയിലും ന്യൂഡൽഹിയിലും പോകാനായിരുന്നു പരിപാടി. ഇമിഗ്രേഷൻ അധികൃതർ ബ്രാഡ്ബറിയെ മാത്രം തടഞ്ഞുവെക്കുകയും നക്കീതയെയും ഒമറിനെയും പോകാൻ അനുവദിക്കുകയും ചെയ്തു. മണിക്കൂറുകളോളം വിമാനത്താവളത്തിലെ മുറിയിൽ നിർത്തിയശേഷം ബ്രാഡ്ബറിയെ തായ്‌ലാൻഡിലേക്ക് തിരിച്ചയക്കുകയായിരുന്നു .ബ്രാഡ്ബറിയുടെ നിർദേശപ്രകാരം മക്കൾ ഇന്ത്യാ സന്ദർശനവുമായി മുന്നോട്ടുപോയി. 26-നാണ് അവർ തിരിച്ചുപോയത്. അതിനുശേഷമാണ് തനിക്കുണ്ടായ ദുരനുഭവം ബ്രാഡ്ബറി വെളിപ്പെടുത്തിയത്.

Top